അഷ്റഫ് ആളത്ത്
ദമ്മാം: പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് മകന്റെ ഘാതകന് നിരുപാധികം മാപ്പ് നല്‍കിയ ഉമ്മക്ക് കെഎംസിസിയുടെ സ്‌നേഹ ഭവനം. സഊദി അറേബ്യയിലെ അല്‍ ഹസയില്‍ ദാരുണമായി കൊല്ലപ്പെട്ട പാലക്കാട് ഒറ്റപ്പാലം 19ാം മൈല്‍ സ്വദേശി ആസിഫിന്റെ (24) ഉമ്മക്കാണ് കെഎംസിസി കിഴക്കന്‍ പ്രവിശ്യ കേന്ദ്രസമിതി കാരുണ്യത്തിന്റെ തണലൊരുക്കിയത്.
22 ലക്ഷം രൂപ ചെലവില്‍ നിമ്മിച്ച വീട് ഒക്ടോബര്‍ ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ആസിഫിന്റെ ഉമ്മ ആയിശ ബീവിക്കും കുടുംബത്തിനും കൈമാറുമെന്ന് കെഎംസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വീട് നിര്‍മ്മാണത്തിനുള്ള ഭൂമിയും കെഎംസിസി കണ്ടെത്തുകയായിരുന്നു. ഇതില്‍ സമൃദ്ധമായി ശുദ്ധ ജലം ലഭിക്കുന്ന കിണറും കെഎംസിസി പണി കഴിപ്പിച്ചിട്ടുണ്ട്. കെഎംസിസി ചുമതലപ്പെടുത്തിയ മുഹമ്മദ് ഇദ്‌രീസ് സ്വലാഹി, ടിഎം ഹംസ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മ്മിതികള്‍ പൂര്‍ത്തീകരിച്ചത്.
വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ, എന്‍ ശംസുദ്ധീന്‍ എംഎല്‍എ, കെഎംസിസി നേതാക്കളായ കെപി മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള, കുഞ്ഞുമോന്‍ കാക്കിയ, മുഹമ്മദ് കുട്ടി കോഡൂര്‍, സിപി ശരീഫ് എന്നിവര്‍ സംബന്ധിക്കും.
2011-ലാണ് ആസിഫ് കൊല്ലപ്പെട്ടത്. യുപി ഗോണ്ട സ്വദേശി മഹ്റം അലി ഷഫിയുല്ല (40) ആയിരുന്നു പ്രതി. അല്‍ഹസയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പ്രവാസ ജീവിതം രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി ആസിഫ് നാട്ടില്‍ പോകാനിരിക്കെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ ചെറിയ വാക്കേറ്റം ആസിഫ് ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ ഗൃഹനാഥന്‍ നേരത്തെ നഷ്ടപ്പെട്ട കുടുംബത്തിന്റെ അവസാന അത്താണിയാണ് ഇല്ലാതായത്. വിചാരണ പൂര്‍ത്തിയാക്കിയ കോടതി 2017 നവംബറില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍ മാനസിക നില തകരാറിലായതിനാല്‍ ശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ആയിടക്കാണ് പ്രതിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയും അല്‍ഹസ കെഎംസിസിയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് മെയ് 26ന് ഇരു കുടുംബങ്ങളും പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടില്‍ ഒരുമിച്ചു കൂടുകയും ആസിഫിന്റെ ഉമ്മ പ്രതിക്ക് നിരപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ച രേഖ കൈമാറുകയും ചെയ്തു. മഹ്‌റമിന്റെ മോചനത്തിനായി സഊദിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അല്‍ ഹസ സെന്‍ട്രല്‍ കമ്മിറ്റിയെ കെഎംസിസി ചുമതലപ്പെടുത്തി.
അവരുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിയുടെ വധശിക്ഷ ഒഴിവായി. പിന്നീട് നടന്ന അന്വേഷണത്തില്‍ കൊല്ലപ്പെട്ട ആസിഫിന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കുകയും നിര്‍ധനകുടുംബത്തിനെ കെഎംസിസി ഏറ്റെടുക്കുകയുമായിരുന്നു.
ദമ്മാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രവിശ്യാ ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍, അഷറഫ് ഗസാല്‍, മാമു നിസാര്‍, ഖാദര്‍ മാസ്റ്റര്‍, പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ബഷീര്‍ ബാഖവി എന്നിവര്‍ സംബന്ധിച്ചു.