X

ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് സാന്ത്വനമന്ത്രവുമായി കെഎംസിസി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 561 പേർക്ക് താങ്ങും തണലുമായി കെഎംസിസിയും. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒഫീഷ്യലായ സൗകര്യങ്ങൾ എല്ലാം ഏർപെടുത്തിയപ്പോഴും ദുരന്തമുഖത്ത് നിന്ന് കടൽകടന്നെത്തിയവരുടെ ആശങ്ക മാറ്റാൻ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വാക്കുകളുമായി ജിദ്ദ കെഎംസിസിയുടെ വളണ്ടിയർമാർ സർവ സജ്ജരായി രംഗത്ത് . ഇന്ത്യൻ കോൺസുലേറ്റിൻ്റ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കൊപ്പമാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളണ്ടിയർ ടീം മുഴുസമയം ആശ്വാസ വാക്കുകൾ ചൊരിഞ്ഞും ആവശ്യമായ സഹായങ്ങൾ നൽകിയും രംഗത്തുളളത്. ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് ജിദ്ദയിലെ ഇടത്താവളത്തിൽ പരിമിതിക്കുള്ളിൽ നിന്നുള്ള എല്ലാ സഹായങ്ങളും നൽകാനുള്ള സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെ അടിയന്തര നിർദേശം കൃത്യമായി പാലിക്കാൻ കെഎംസിസിക്കായി.

ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഇന്നലെ ആരംഭിച്ച സേവനം ഓപ്പറേഷൻ കാവേരി സമാപിക്കുന്നത് വരെ തുടരും. 561 ഇന്ത്യക്കാരെയാണ് ഇത് വരെ ക്യാമ്പിലെത്തിച്ചത്. ഇവരിൽ 360 പേരെ ഇന്ന് ജിദ്ദയിൽ നിന്ന് വിമാന മാർഗ്ഗം നാട്ടിലേക്ക് അയച്ചപ്പോൾ സ്‌കൂളിൽ നിന്ന് വിമാനത്താവളം വരെ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ കെഎംസിസി വളണ്ടിയർമാർ ജാഗ്രത പുലർത്തി. വളണ്ടിയർ ടീമിന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് നേതൃത്വം നൽകുന്നത്.

ക്യാമ്പിലെത്തുന്നവരുടെ നിയമ നടപടിക്രമങ്ങളുടെ ഭാഗമായ ഫോറങ്ങൾ പൂരിപ്പിച്ച് നൽകാനും, ലഗേജുകൾ ഇറക്കി കൊടുക്കാനും, ഭക്ഷണങ്ങൾ വിതരണം ചെയ്യാനും, നാട്ടിലേക്ക് പോവുന്നവർക്ക് വിമാനതാവളത്തിൽ ആവശ്യമായ സഹായങ്ങളുമൊക്കെയാണ്.കെ.എം.സി. ചെയ്യുന്നത്. എയർപോർട്ടിലും ജിദ്ദ തുറമുഖത്തും താമസസ്ഥലമായ ഇന്ത്യൻ എംബസ്സി സ്‌കൂളിലും ഇന്ത്യൻ കോണ്സുലേറ്റിനൊപ്പം നിന്ന് പരമാവധി ചെയ്യാൻ കഴിയുന്ന സഹായം ചെയ്യാൻ കെഎംസിസി രംഗത്തുണ്ടാകുമെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, എന്നിവർ അറിയിച്ചു.

ലോകം ഉറ്റുനോക്കുന്ന സുഡാനിലെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ ദുരന്ത മുഖത്ത് നിന്ന് ജീവനും കൊണ്ട് പാലായനം ചെയ്‌തവർക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി മുന്നോട്ട് വന്ന ജിദ്ദ സെൻട്രൽ കമ്മിറ്റിയെ കെഎംസിസി സഊദി നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു. മുസ്ലിംലീഗ് പാർട്ടിയുടെ നിർദേശം അക്ഷരം പ്രതി പാലിക്കാൻ കെഎംസിസിയുടെ വളണ്ടിയർമാർക്കായി.

എല്ലാം നഷ്ടപ്പെട്ടവർ, ഉള്ളതെല്ലാം ഉപേക്ഷിച്ച് പോന്നവർ, സ്വന്തം കുടുംബത്തോടൊപ്പം ചേരാൻ കൊതിക്കുന്നവരുമായ നമ്മുടെ സഹോദര സഹോദരിമാർക്ക് കൈത്താങ്ങാവുകയെന്നത് അഭിമാനകരമാണ് ..രാപകലില്ലാതെ ഈ ദിവസങ്ങളിൽ ദുരിതമുഖത്തുള്ളവരെ ചേർത്തുപിടിച്ച, തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച നേതാക്കളെയും മുഴുവൻ വളണ്ടിയര്മാരെയും കെഎംസിസി നാഷണൽ കമ്മിറ്റി ഹൃദ്യമായ അഭിവാദ്യങ്ങൾ നേർന്നു. ,

webdesk14: