X

ഹാജിമാർക്ക് താങ്ങായി കെഎംസിസി ഹജ്ജ് സെൽ

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : കർമ്മ വീഥിയിൽ മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ഹജ്ജ് സെൽ ഇക്കൊല്ലവും ശാസ്ത്രീയമായ സേവന പദ്ധതികളുമായി രംഗത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനനെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് താങ്ങും തണലുമായി സഊദി കെഎംസിസി ഹജ്ജ് സെൽ വളണ്ടിയർമാർ വിശുദ്ധ ഭൂമിയിലുണ്ടാകും . കഴിഞ്ഞ ദിവസം മദീനയിലിറങ്ങിയ ഇന്ത്യൻ ഹാജിമാരെ സ്വീകരിച്ചതോടെ ഇക്കൊല്ലത്തെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ടും ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂരും കോ ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്രയും ട്രഷറർ കുഞ്ഞിമോൻ കാക്കിയയും അറിയിച്ചു.

മുൻവർഷങ്ങളിൽ രണ്ടായിരത്തി അഞ്ഞൂറിലധികം വളണ്ടിയർമാരെ അണിനിരത്തിയാണ് ഹജ്ജ് സേവനത്തിൽ കെഎംസിസി രംഗത്ത് ഉണ്ടായിരുന്നെതെങ്കിൽ ഇത്തവണ മുവ്വായിരത്തി അഞ്ഞൂറോളം പേരായിരിക്കും വിശുദ്ധ താഴ്‌വരകളിൽ കർമ്മനിരതരാവുക.
സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ള സെൻട്രൽ കമ്മിറ്റികളിൽ നിന്നാണ് പരിചയ സമ്പന്നരായ വളണ്ടീയർമാരെത്തുക. ആവശ്യമായ പരിശീലനവും നൽകി പൂർണ്ണമായും സേവന സജ്ജരായ സന്നദ്ധ സേനയെയാണ് ഹജ്ജ് സെൽ രംഗത്തിറക്കുന്നത്. നിലവിൽ മദീനയിലും മക്കയിലും ജിദ്ദയിലും ഇതിനകം പരിശീലനവും തീര്ഥാടകർക്കുള്ള സേവന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ഇരു ഹറം പരിസരങ്ങളിലും ഹജ്ജ് ടെർമിനലിലും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും കർമ്മങ്ങൾ നടക്കുന്ന ഭാഗങ്ങളിലും രാപകലില്ലാതെ കെഎംസിസി വളണ്ടിയർമാരുടെ സേവനമുണ്ടാകും.

കഴിഞ്ഞ ദിവസം മദീനയിലെത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘത്തിന് കെഎംസിസി ഹജ്ജ് സെൽ ഊഷ്മള സ്വീകരണമാണ് നൽകിയത് . തൽബിയത്തിന്റെ മാസ്മരിക ധ്വനികളുമായി പ്രവാചക നഗരിയിലറങ്ങിയ തീർത്ഥാടകരെ കെഎംസിസി ഹജ്ജ് സെൽ നേതാക്കളും മദീന കെഎംസിസി ഭാരവാഹികളും ഭക്ഷണമുൾപ്പടെയുള്ള വെൽകം കിറ്റുകൾ നൽകിയാണ് സ്വീകരിച്ചത്.
കൊൽക്കത്ത, ലക്നൗ, ജയ്പൂർ എന്നിവടങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ സ്വീകരിച്ചു കൊണ്ടാണ് മദീനയിൽ വെച്ച് സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ ഇക്കൊല്ലത്തെ സന്നദ്ധ പ്രവർത്തനത്തിന് ആരംഭം കുറിച്ചത്.

ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, മദീന ഹജ്ജ് മിഷൻ ഇൻചാർജ് സയ്യിദ് തബീഷ് എന്നിവരോടൊപ്പമാണ് സഊദി കെഎംസിസി ഹജ്ജ് സെൽ നേതാക്കളായ അഹമ്മദ് പാളയാട്ട്, കുഞ്ഞിമോൻ കാക്കിയ, വി പി മുസ്തഫ, നാസർ കിൻസാറ,ശരീഫ് കാസർഗോഡ്, സൈദ് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ജലീൽ നഹാസ് മദീന, വി പി മുസ്തഫ, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സൽ മാസ്റ്റർ തുടങ്ങിയവർ തീർത്ഥാടകരെ സ്വീകരിച്ചത്. ചേർന്ന് സ്വീകരിച്ചു. കെഎംസിസിയുടെ വെൽക്കം കിറ്റുകൾ തീർത്ഥാടകർക്ക് വിതരണം ചെയ്തു. മദീന കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളായ ജലീൽ കുറ്റ്യാടി, അഷ്‌റഫ്‌ തില്ലങ്കേരി, ഇബ്രാഹിം ഫൈസി, ഫസലുറഹ്‌മാൻ പുറങ്ങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ : മദീനയിലെത്തിയ ഇന്ത്യൻ തീർത്ഥാടകരെ സഊദി കെഎംസിസി ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് മദീന വിമാനത്താവളത്തിൽ വെൽക്കം കിറ്റ് നൽകി സ്വീകരിക്കുന്നു. ഹജ്ജ് സെൽ നേതാക്കൾ സമീപം.

webdesk13: