അശ്റഫ് ആളത്ത്
ദമ്മാം
കെ.എം.സി.സി നന്മ അദാലത്ത് പതിനേഴാം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു. പ്രവാസ ജീവിതത്തിലെ തീക്ഷണമായ പരീക്ഷണങ്ങളില്‍ അകപ്പെട്ടവരും നിയമക്കുരുക്കുകളില്‍ ബലിയാടാക്കപ്പെട്ടവരുമായ ആലംബമറ്റ ആയിരക്കണക്കിന് മനുഷ്യരുടെ ദുരിത പര്‍വ്വങ്ങളാണ് അദാലത്തിലൂടെ പരിഹരിച്ചു പോരുന്നതെന്ന് സമാഗമം സാക്ഷ്യപ്പെടുത്തി.
ഇടവേളകളില്ലാത്ത പതിനേഴ് വര്‍ഷങ്ങളിലെ പ്രശ്‌ന പരിഹാര നൈര്യന്തങ്ങളില്‍ നിയമസഹായം മാത്രമല്ല അതിജീവനത്തിന്റെ പാതയില്‍ ഇരകളുടെ ഭക്ഷണം,താമസ സൗകര്യം എന്നിവകൂടി കെ.എം.സി.സിക്ക് ഏറ്റെടുക്കപ്പെടേണ്ടിവരാറുണ്ട്.വെക്തമായ തൊഴില്‍കരാറുകളുടെ അഭാവത്തില്‍ തൊഴിലുടമകളാല്‍ വേട്ടയാടാപ്പട്ടവര്‍ക്കും നിയമക്കുരുക്കഴിഞ് നാട്ടിലേക്ക് തിരിച്ചു പോകേണ്ടവരുമായ ആളുകളുടെ യാത്രാരേഖകളും വിമാന ടിക്കറ്റും ഉള്‍പ്പടെ ലക്ഷക്കണക്കിന് റിയാലിന്റെ സാമ്പത്തിക സഹായങ്ങളാണ് യാതൊരുവിധ മൂലധനവുമില്ലാത്ത അദാലത്തിലൂടെ നിര്‍വ്വഹിച്ചു പോരുന്നത്.
സഹായം തേടിയെത്തുന്നവരുടെ ജാതിമതമോ ദേശഭാഷയോ പരിഗണിക്കാതെ പ്രതിവാര വാരാന്ത്യങ്ങളില്‍ ദമ്മാം കെ.എം.സി.സി ടൗണ്‍ കമ്മിറ്റിയുടെ കീഴിലാണ് സഫാ ഓഡിറ്റോറിയത്തിലെ അദാലത്ത് ക്യാമ്പ്. ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് വടകരയുടെ നേതൃത്വത്തില്‍ മഹ്മൂദ് പൂക്കാട്,ഫൈസല്‍ ഇരിക്കൂര്‍,അമീറലി കോഡൂര്‍ എന്നിവരാണ് അദാലത്തിന്റെ അമരത്തുള്ളത്.സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകം നിയമ സഹായങ്ങള്‍ ഏകോപിപ്പിക്കും.
സഹജീവി സ്‌നേഹമെന്ന ഏകവികാരമാണ് തങ്ങളെ നയിക്കുന്നതെന്നും ഈ അനുപമ സേവനം രണ്ടു പതിറ്റാണ്ടിലേക്കടുക്കുമ്പോള്‍ പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് തങ്ങള്‍ക്ക് കരുത്ത് പകരുന്നതെന്നും അദാലത്ത് സംഗമം അഭിപ്രായപ്പെട്ടു.
സഫാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഹ്മൂദ് പൂക്കാട് അധ്യക്ഷത വഹിച്ചു.അമീറലി കൊയിലാണ്ടി ഉത്ഘാടനം ചെയ്തു.സുലൈമാന്‍ കൂലേരി,സിദ്ധീഖ് പാണ്ടികശാല,അമീറലി കോഡൂര്‍,ഡോക്ര്‍ ആഷിഖ്,അശ്റഫ് ആളത്ത് എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ ഇരിക്കൂര്‍ സ്വാഗതവും ഹമീദ് വടകര നന്ദിയും പറഞ്ഞു.