കണ്ണൂര്‍: കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണിയില്‍ പ്രതി തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായ തേജസ് തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കാട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഎം ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ഈ പരാതി വളപട്ടണം പൊലീസിന് ഡിജിപി കൈമാറിയിരുന്നു.
ഇതേ തുടര്‍ന്ന് പാപിനിശേരി സ്വദേശിയായ തേജസിനെതിരെ അന്വേഷണം നടത്തിയിരുന്നു. തന്നെ വധിക്കാനായി കണ്ണൂരിലെ സിപിഎമ്മുകാരന്‍ മുംബൈ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു ഷാജിയുടെ പരാതി. സിപിഎം പ്രവര്‍ത്തകനും ക്വട്ടേഷന്‍ സംഘവും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകളും ഷാജി പുറത്തുവിട്ടു. ഇത് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയോടൊപ്പം കൈമാറി.
ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. കെഎം ഷാജി ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. രണ്ടു ദിവസമായി ഇയാളുടെ ഫോണും സ്വിച്ചോഫ് ചെയ്ത നിലയിലാണ്.