കെ.എം ഷാജി
വയനാട് മുസ്ലിം ഓർഫനേജുമായി ബന്ധപ്പെട്ട് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഗൗരവപരമായ ചില ചിന്തകൾക്ക് കാരണമാവേണ്ടതാണ്.
കേരളത്തിലെ പിന്നാക്ക ജില്ലയായ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥാപനം വന്നതിനു ശേഷം സമൂഹത്തിൽ ഉണ്ടായ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണു.
ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വീടാണു വയനാട് മുസ്ലിം യതീംഖാന. അതു കൊണ്ടാണു സ്കൂളിൽ നിന്നും ഹോസ്റ്റലിലേക്ക് പോകുന്ന കുട്ടികളെ വരിവരിയായി കൊണ്ടു പോകുന്ന സാധാരണ രീതി ഒഴിവാക്കി മറ്റു മക്കൾ വീട്ടിലേക്ക് പോകുന്നത് പോലെ അവരെ അതിനു അനുവദിച്ചത്.
ആ നൂറു മീറ്റർ പരിധിയിൽ വേട്ടനായ്ക്കൾ പതിയിരിക്കുന്നത് പ്രതീക്ഷിക്കില്ലല്ലോ!
നാളെ നമ്മുടെ മക്കൾക്കും സംഭവിക്കാവുന്ന ഒരു അപ്രതീക്ഷിത ദുരന്തം; ദൈവം കാക്കട്ടെ!
ഈ വിവരം അറിഞ്ഞ ഉടൻ അത് മറച്ചു വെക്കാനല്ല സ്ഥാപന അധികാരികൾ ശ്രമിച്ചത്. മറിച്ചു, നിയമപരമായ എല്ലാ സഹായവും തേടുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പഴുതടച്ച നീക്കങ്ങൾ നടത്തുകയുമാണുണ്ടായത്.
കുട്ടികളുടെ അഭിമാനവും സ്ഥാപനത്തിന്റെ സൽപ്രമാണവും നിലനിർത്താനെന്ന പേരിൽ പലപ്പോഴും ഇത്തരം വിഷയങ്ങൾ മറച്ചു വെക്കുന്നത് കുറ്റവാളികൾ രക്ഷപ്പെടാൻ അവസരമുണ്ടാക്കാറുണ്ട്.
സ്ഥാപനത്തിനു വേണ്ടി കുട്ടികൾ എന്നതല്ല ഈ അനാഥാലയത്തിന്റെ നിലപാടു കുട്ടികൾക്ക് വേണ്ടി സ്ഥാപനം എന്നതാണു!
സ്വന്തം മക്കളോടെന്നപോലെ സ്നേഹത്തോടെ അവരോടു പെരുമാറുന്ന ജമാൽക്കയുടെ ചിറകിനകത്തു കുട്ടികൾ അനുഭവിക്കുന്ന സുരക്ഷിതത്വം മനസ്സിലാവണമെങ്കിൽ അവരെ നേരിട്ട് കാണണം. “Respect the child as a person” എന്ന ലക്ഷ്യവുമായി യതീംഖാന ടീം നടത്തുന്ന പ്രവർത്തനങ്ങൾ കാണാൻ ഈ സ്ഥാപനത്തിന്റെ ഒരു കൂട്ടുകാരൻ എന്ന നിലക്ക് എല്ലാവരെയും ക്ഷണിക്കുകയാണു.
ആ കുട്ടികൾക്കുണ്ടായ ദുരനുഭവങ്ങളുടെ ഗൗരവം കുറക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.
നാളിതുവരെ ആ സ്ഥാപനം നടത്തിയ സേവനം ഇനിയുള്ള കാലവും നില നിന്ന് പോകണം എന്നതാണു.
അതോടൊപ്പം ഈ വേട്ടയാടൽ നമുക്കിടയിൽ ഉണ്ടാക്കുന്ന ഉൾഭയം പങ്കുവെക്കലുമാണു.
നമ്മുടെ മക്കൾക്കും സംഭവിക്കാവുന്ന ഒരു ദുരന്തം. ഈ കാര്യത്തിൽ വെറുതെ കുറ്റപ്പെടുത്തി സമാധാനിക്കാൻ കുറേ നിസ്വാർത്ഥ സംഘമുണ്ട്.
വീട്ടിൽ നിന്ന് പുറപ്പെട്ടു പോവുന്ന ഒരു കുട്ടിക്കാണു ഈ അനുഭവമെങ്കിൽ നാം ആരെ പഴിക്കും.
നാം കരുതിയിരിക്കുക.എല്ലാ വഴികളിലും നമ്മുടെ ചെറുപ്പക്കാർ കണ്ണിമചിമ്മാതെ കാവൽ നിൽക്കുക.
നിതാന്ത ജാഗ്രത പുലർത്തുക!!