തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ മറവില്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന സര്‍ക്കാറിനെയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച കെ.എം ഷാജിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നാലരവര്‍ഷക്കാലം ഇടതു മുന്നണി സര്‍ക്കാര്‍ നടത്തിയ എല്ലാ അഴിമതിയും കൊള്ളരുതായ്മകളും തുറന്നു കാണിക്കുന്നതായിരുന്നു ഷാജിയുടെ പ്രസംഗം.
പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം:
ഇതൊരു അവിശ്വാസപ്രമേയം മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയ പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധമാണ്. മാരകരോഗം ബാധിച്ച രോഗികള്‍ക്ക് സമാശ്വാസം പകര്‍ന്ന സമാശ്വാസം പദ്ധതി തകര്‍ത്തുകളഞ്ഞ സര്‍ക്കാറാണിത്. അവരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാറിനെതിരായ അവിശ്വാസമുണ്ട്. അനാഥക്കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം പദ്ധതി. അത് ഈ സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞു. ആ അനാഥക്കുട്ടികളില്‍ ഈ സര്‍ക്കാറിനെതിരായ അവിശ്വാസമുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സഹായം നല്‍കുന്ന ആശ്വാസകിരണം പദ്ധതി നിങ്ങള്‍ അട്ടിമറിച്ചു. ആ കുട്ടികളുടെ അമ്മമാരുടെ കണ്ണൂനീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. സ്വപ്നയുടെ കവിളില്‍ തട്ടുമ്പോള്‍ കരഞ്ഞുതളര്‍ന്നു കവിള്‍ തുടുത്ത അമ്മയുടെ കണ്ണുനീരാണ് മറന്നുപോകുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാള്‍ കാറോടിച്ച് കയറ്റികൊന്ന കെ.എം ബഷീറിനെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ. കോവിഡിന്റെ മറവില്‍ ആ ഉദ്യോഗസ്ഥനെ നിങ്ങള്‍ പുന:പ്രതിഷ്ഠിച്ചില്ലേ. ആ ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്.
ടീച്ചര്‍ക്കറിയുമോ പാലത്തായിയിലെ ഒരു കൊച്ചുകുട്ടിയെ. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി നിങ്ങള്‍ ആ കേസിനെ അട്ടിമറിയ്ക്കുമ്പോള്‍ ആ കുട്ടിയുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരെയുള്ള അവിശ്വാസമുണ്ട്. അലന്റെയും താഹയുടെയും അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വാസമുണ്ട്. ജോലി ലഭിക്കാന്‍ സാധ്യതയില്ലാത്ത പതിനായിരക്കണക്കിന് പിഎസ് സി എഴുതിയ ചെറുപ്പക്കാരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ ഈ നാട് അഭയം നല്‍കുമെന്ന് കരുതി നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ പ്രവാസികളെയാണ് കോവിഡ് കാലത്ത് നിങ്ങള്‍ ചതിച്ചത്. ആ പ്രവാസികളുടെ കണ്ണുനീരില്‍ നിങ്ങള്‍ക്കെതിരായ അവിശ്വാസമുണ്ട്. കൃപേഷിന്റേയും ശരത് ലാലിന്റെയും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അങ്ങനെ 100 കണക്കിന് അമ്മമാരുടെ കണ്ണുനീരില്‍ ഈ സര്‍ക്കാരിനെതിരായ അവിശ്വസമുണ്ട്.
മന്ത്രി ചോദിക്കുന്നത് നിങ്ങള്‍ എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നതെന്നാണ്. ഞങ്ങള്‍ അവിശ്വാസം കൊണ്ടുവരുന്നത് ഞങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ ജീവിക്കുന്നത് കൊണ്ടാണ്. ജനങ്ങളുടെ വികാരങ്ങള്‍ അറിയുന്നത് കൊണ്ടാണ്. ആ ജനങ്ങളുടെ നിശബ്ദമായ കരച്ചില്‍ മന്ത്രി മന്ദിരങ്ങളില്‍ ഉള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയണമെന്നില്ല. നിങ്ങളുടെ ചുറ്റും ലക്ഷങ്ങള്‍ കൊടുത്ത് കൂട്ടി നിര്‍ത്തിയ നിങ്ങളുടെ പിണിയാളുകളും അത് നിങ്ങളോട് പറഞ്ഞുതരണമെന്നില്ല. പക്ഷേ ഞങ്ങള്‍ക്കതിന് ബാധ്യതയുണ്ട്.
ഇതെന്തൊരു സര്‍ക്കാരാണ് സാര്‍ ഇങ്ങനെ നെറികേട് കാണിച്ച മറ്റൊരു സര്‍ക്കാരുണ്ടാകില്ല. ഇവിടുത്തെ വനിതാ പത്രപ്രവര്‍ത്തകരെ പോലും എന്ത് വൃത്തികേടും പറയാന്‍ നിങ്ങളാണ് സഹായം ചെയ്ത് കൊടുത്തത്. അവര്‍ ചെയ്ത തെറ്റെന്താണ്. ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം പോലും മറന്നുപോയി ഒരു റേഡിയോയുടെ മുമ്പില്‍ നില്‍ക്കുന്നത് പോലെ മാസങ്ങളോളം മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ സഹികെട്ടപ്പോള്‍ അവര്‍ ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു. അന്നാണ് നിങ്ങള്‍ ഇളകിയത്. ചോദ്യങ്ങളെ ഭയപ്പെടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഴിമതിയെ ന്യായീകരിക്കാന്‍ സിദ്ധാന്തങ്ങള്‍ രചിക്കുന്ന നിങ്ങളുടെ മന്ത്രിമാരോട്, നിങ്ങളുടെ പാര്‍ട്ടി നേതാക്കന്‍മാരോട് സ്വന്തം പ്രവര്‍ത്തകന്‍മാര്‍ക്ക് ഇത്തിരി മര്യാദ പഠിപ്പിച്ചുകൊടുക്കാന്‍ പറയണം. പാര്‍ട്ടി ക്ലാസുകളില്‍ സൈബര്‍ ഗുണ്ടകള്‍ക്ക് മര്യാദ പഠിപ്പിച്ചുകൊടുക്കാന്‍ ശ്രദ്ധിക്കണം. കൊടിയിലെ അരിവാളും ചുറ്റികയും മനുഷ്യന്റെ കഴുത്തറക്കാനും തലയ്ക്കടിക്കാനും ഉള്ളതല്ലെന്ന് അവരോട് നിങ്ങള്‍ പറഞ്ഞ് കൊടുക്കണം. കൃഷിയും വ്യവസായവും ചെയ്യുന്ന തൊഴിലാളികളുടെ ചിഹ്നമാണ് അതെന്ന് നിങ്ങളീ പ്രവര്‍ത്തകന്‍മാരോട് പറഞ്ഞുകൊടുക്കണം.
ഇവിടെ ഈ രാജ്യത്തെ മാധ്യമങ്ങളെ മുഴുവന്‍ നിങ്ങളുടെ സൈബര്‍ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി ഒരു ഗംഭീരമായ പ്രസ്താവന നടത്തി. ഇങ്ങനെ ഒരാളെപ്പറ്റിയും പറയരുത്.. അപ്പോള്‍ ജനങ്ങള്‍ കരുതി നല്ല പ്രസ്താവനയാണെന്ന്.. പിന്നെയാണ് മനസിലായത് ഒരാളെപറ്റി പറയരുതെന്നാണെന്ന് അത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന്. അങ്ങനെ പറഞ്ഞാല്‍ പിറ്റേ ദിവസം അയാളെ നിങ്ങള്‍ വിദേശത്ത് നിന്ന് ഇറക്കികൊണ്ടുവരുമെന്നതാണ്. നിങ്ങള്‍ കോവിഡിന് മുന്നേ തന്നെ ക്വാറന്റീന്‍ കണ്ടുപിടിച്ച മഹാനായ മുഖ്യമന്ത്രിയാണ് അങ്ങ്. നിങ്ങള്‍ ആദ്യം ക്വാറന്റീനിലാക്കിയത് വി.എസ് അച്ചുതാനന്ദനെയാണ്. രണ്ടാമത് പാര്‍ട്ടി സെക്രട്ടറിയെയാണ്. പിന്നെ ഓരോരൊ മന്ത്രിമാരെയായി ക്വാറന്റീനിലേക്ക് വിട്ടു. ആര്‍ക്കും ഒരു പണിയും ഇല്ല. ബഹുമാനപ്പെട്ട ബാലന്‍ പറയുന്നത് കുറേ നാടകങ്ങളെ പുനരാവിഷ്‌ക്കരിക്കുന്ന തിരക്കിലാണ് അദ്ദേഹം ഉള്ളതെന്നാണ്.
പിന്നീട് വല്യ തിരക്കുള്ളയാള്‍ എ.സി മൊയ്തീനാണ്. അദ്ദേഹം കരിപ്പൂര്‍ വിമാനദുരന്തമുണ്ടാകുന്നതിന്റെ തലേന്ന് തന്നെ അവിടെ പോയി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ്. വേറൊരു മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. വിശുദ്ധ ഖുറാന്‍ കൊണ്ടുപോയി കൊടുക്കുന്നത് എടപ്പാളിലാണ് എടപ്പാളില്‍ നിന്ന് കുറച്ച് നടന്ന് പോയാല്‍ നിങ്ങള്‍ക്കവിടെ സി.എച്ച് പ്രസ് എന്നൊരു പ്രസ് കാണാം. ലോകത്തേക്ക് മുഴുവന്‍ ഖുറാന്‍ കയറ്റി അയക്കുന്നത് ആ പ്രസില്‍ നിന്ന് പ്രിന്റ് ചെയ്തിട്ടാണ്. നിങ്ങള്‍ക്കറിയുമോ കേരളത്തിന്റെ തെരുവുകളില്‍ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് വിശുദ്ധ ഖുറാന്‍ ഒരു വരിപോലും തെറ്റാതെ ചൊല്ലാനറിയും. അത് പഠിപ്പിച്ച മത സംഘടനകള്‍ ഇവിടെയുണ്ട്. യുദ്ധത്തടവുകാരെ പിടിക്കുമ്പോള്‍ അവര്‍ക്ക് വിടുതല്‍ കൊടുക്കാന്‍ വേണ്ടി പ്രവാചകന്‍ വെച്ചകരാര്‍ നിങ്ങള്‍ ഇത്ര പേരെ ഖുറാന്‍ പഠിപ്പിക്കണമെന്നാണ്.
ഖുറാന്റെ പ്രചാരണത്തിന് വിവിധ മാര്‍ഗങ്ങള്‍ വിശ്വാസികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവണ്‍മെന്റ് ഇതാണ്. ആ മന്ത്രി ഇന്ന് പറഞ്ഞിരിക്കുന്ന ഒരു കാര്യം ഖുറാന്‍ തിരിച്ചുകൊടുക്കാമെന്നാണ്. അപ്പോള്‍ സ്വര്‍ണം തിരിച്ചുകൊടുക്കൂല എന്നാണോ
ഇവിടെ വേറെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും അതുപോലെ ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ഒരേ ശ്വാസം വിടല്‍. പിന്നെയൊരു സാധു നല്ല മന്ത്രിയുള്ളത് ജി സുധാകരനാണ്. അവസാനം കളത്തിലിറങ്ങിയ അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ദുര്‍ഗന്ധം ഒക്കെ പോയി സുഗന്ധം ആണെന്നാണ്. പ്രിയപ്പെട്ട മന്ത്രി അങ്ങ് നാല് കൊല്ലം അഴിമതിയുടെ നാറ്റം സഹിച്ചത് കൊണ്ട് ഇപ്പോള്‍ സുഗന്ധമായി തോന്നുകയാണ്. ഇതുപോലെ ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടുണ്ടോ. കുടുംബം അടക്കം കക്കാനിറങ്ങുക. പണ്ട് പാര്‍ട്ടി ക്ലാസുകളില്‍ ക്യാപിറ്റലിസവും കമ്മ്യൂണിസവും പഠിപ്പിച്ചുവെങ്കില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണം ആണ്. സോഷ്യല്‍ മീഡിയയില്‍ ഓടുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാഡ്രേക്കാണ് എന്നാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ജൂനിയര്‍ മാഡ്രേക്കല്ല അങ്ങ് സീനിയര്‍ മാഡ്രേക്കാണ്.