X
    Categories: keralaNews

കെ.എം ഷാജിയെ വധിക്കാനുള്ള ഗൂഢാലോചന ശരിയെന്ന് തെളിയുന്നു; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കോഴിക്കോട്: തനിക്കെതിരെ ചില ഗുണ്ടാസംഘങ്ങളുടെ വധഭീഷണിയുണ്ടെന്ന കെ.എം ഷാജി എംഎല്‍എയുടെ ആരോപണം ശരിയെന്ന് തെളിയുന്നു. സംഭവത്തില്‍ ആരോപണവിധേയനായ പ്രതി തേജസ് തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തതോടെയാണ് ഇത് സംബന്ധിച്ച ഗൂഢാലോചനയുടെ ചുരുളഴിയുന്നത്. പൊലീസ് അന്വേഷണം തേജസിലേക്ക് എത്തുന്നു എന്ന് കണ്ടതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ഇദ്ദേഹത്തിന് നിര്‍ദേശം കിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ചാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ മുന്‍കൂര്‍ ജാമ്യത്തിന് തിരക്കിട്ട ശ്രമങ്ങളാരംഭിച്ചത്.

ഷാജിയെ വധിക്കാന്‍ തേജസ് മുംബൈയിലുള്ള ഗുണ്ടാസംഘങ്ങളെ ബന്ധപ്പെട്ടതിന്റെ ശബ്ദരേഖ ഷാജി പുറത്തുവിട്ടിരുന്നു. ഇമെയില്‍ വഴിയാണ് ഈ ശബ്ദസന്ദേശങ്ങള്‍ ഷാജിക്ക് ലഭിച്ചത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് ശബ്ദരേഖ പുറത്തുവന്നതെന്നാണ് കരുതുന്നത്.

കൊല്ലേണ്ടത് എംഎല്‍എയെ ആണെന്നു ശബ്ദരേഖയില്‍ പറയുന്നുണ്ട്. മുംബൈയില്‍നിന്നു ട്രെയിന്‍ മാര്‍ഗം എത്തുന്ന രണ്ടംഗ സംഘത്തിന് ഇവിടെ താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താമെന്നും എംഎല്‍എയെ കാണിച്ചു തരാമെന്നും വിളിക്കുന്നയാള്‍ സൂചിപ്പിക്കുന്നു. കൊലപാതകത്തിനു പ്രതിഫലമായി നല്‍കേണ്ട പണം പറഞ്ഞുറപ്പിക്കുന്നുമുണ്ട്. കൃത്യം നടന്നാല്‍ അപ്പോള്‍തന്നെ സ്ഥലം വിടണമെന്ന നിര്‍ദേശവും നല്‍കുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കെ.എം ഷാജി ഈ ശബ്ദസന്ദേശങ്ങള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വ്യക്തിപരമായി തനിക്ക് ശത്രിക്കളില്ലെന്നും തന്റെ നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നവരാവാം ഗൂഢാലോചന നടത്തിയതെന്നും ഷാജി പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: