X

‘മോദി രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ പ്രസക്തിയെ കാണിക്കുന്നു’; കെ.എം ഷാജി എം.എല്‍.എ

കോഴിക്കോട്: സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കെ.എം.ഷാജി എം.എല്‍.എ. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നതെന്ന് കെ.എം ഷാജി പറഞ്ഞു.

‘സാമ്പത്തിക സംവരണം എല്ലാ അര്‍ത്ഥത്തിലും ഭരണഘടന വിരുദ്ധമായ ഒരാശയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നോക്കമായ അധ:സ്ഥിത, പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് സാമുദായിക സംവരണം ഇന്ത്യയില്‍ ഡോക്ടര്‍,അംബേദ്കര്‍ വിഭാവനം ചെയ്തത്.ഇതിന് ഘടക വിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയം ഫലത്തില്‍ സംവരണത്തെയും അതിന്റെ സുതാര്യമായ താല്‍പര്യത്തെയും അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ്. അതിനെതിരായ ചരിത്രദൗത്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍, ലോക്‌സഭയിലും രാജ്യസഭയിലും പുറത്തും മുസ്ലിം ലീഗെടുത്തത്.’കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.

ലീഗിന്റെ രണ്ട് വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപിയും പ്രതികരിച്ചിരുന്നു. ലീഗിന്റെ വോട്ടുകള്‍ മോദിയുടെ നെഞ്ചില്‍ തന്നെയാണ് കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലപാടാണ് പാര്‍ലമെന്റിലെ ലീഗ് നിലപാട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാമുദായിക വിഷയങ്ങള്‍ ഉയര്‍ത്തി വര്‍ഗ്ഗീയത പ്രചരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഇനിയും ശക്തമായ നിലപാടുമായി ലീഗ് മുന്നോട്ട് പോവുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തില്‍ രണ്ട് തവണ മുസ്ലിം ലീഗിന്റെ പേര് പരാമര്‍ശിച്ചു എന്നത് മുസ്ലിം ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ സമാനതകളില്ലാത്ത പ്രസക്തിയെയാണ് കാണിക്കുന്നത്.

എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണ സമിതിയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗെടുത്ത ചരിത്രപരമായ തീരുമാനം തുല്യതയില്ലാത്തതായിരുന്നു. ആ തീരുമാനത്തിന്റെ ശേഷിപ്പാണ് മോദി ഇന്ത്യയില്‍ പോലും നാം ഇന്നുമനുഭവിക്കുന്ന മതേതരത്വവും മതസ്വാതന്ത്ര്യവും ജനാധിപത്യവും ഉള്‍ക്കൊള്ളുന്ന പ്രൗഡമായ ഭരണഘടന. അതിന്റെ തുടര്‍ച്ചയായിരുന്നു സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും മുസ്ലിം ലീഗെടുത്ത രാഷ്ട്രീയ നിലപാട്.

എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും നിലപാടില്‍ മാറ്റമില്ലാത്ത, ഋജുവായ രാഷ്ട്രീയ തീരുമാനങ്ങളാണ് മുസ്ലിം ലീഗിന്റേതെന്ന് ഈ നിലപാട് വ്യക്തമാക്കുന്നു.അത് വിറളിപിടിപ്പിക്കേണ്ടവരെ വിറളിപിടിപ്പിച്ചിട്ടുണ്ട് എന്നാണ് നരേന്ദ്ര മോദി രണ്ട് തവണ മുസ്ലിം ലീഗിന്റെ പേരെടുത്ത് പരാമര്‍ശിച്ചതിലൂടെ വ്യക്തമാവുന്നത്.

സാമ്പത്തിക സംവരണം എല്ലാ അര്‍ത്ഥത്തിലും ഭരണഘടന വിരുദ്ധമായ ഒരാശയമാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നോക്കമായ അധ:സ്ഥിത, പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് സാമുദായിക സംവരണം ഇന്ത്യയില്‍ ഡോക്ടര്‍,അംബേദ്കര്‍ വിഭാവനം ചെയ്തത്.ഇതിന് ഘടക വിരുദ്ധമായ സാമ്പത്തിക സംവരണമെന്ന ആശയം ഫലത്തില്‍ സംവരണത്തെയും അതിന്റെ സുതാര്യമായ താല്‍പര്യത്തെയും അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണ്. അതിനെതിരായ ചരിത്രദൗത്യമാണ് കഴിഞ്ഞ പാര്‍ലമെന്റ് സെഷനുകളില്‍, ലോക്‌സഭയിലും രാജ്യസഭയിലും പുറത്തും മുസ്ലിം ലീഗെടുത്തത്.

ആയിരം തവണ നിലപാടിന്റെ പേരില്‍ ഞങ്ങള്‍ക്കെതിരെ അലറി വിളിച്ചാലും ദൗത്യനിര്‍വ്വഹണത്തില്‍ പിറകോട്ട് പോകുന്ന പ്രശ്‌നമില്ല പ്രധാനമന്ത്രി!

chandrika: