കോഴിക്കോട്: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎം ഷാജി എംഎല്‍എ. കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം പിടിച്ചുനില്‍ക്കുന്ന പിതാവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നമ്പര്‍ 1 കേരള ആരോഗ്യ മോഡലിന്റെ ഒരു ചിത്രമാണിതെന്ന് ഷാജി പറഞ്ഞു.
’14 മണിക്കൂര്‍ ചികിത്സ നിഷേധിക്കപ്പെട്ട്, രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ട മലപ്പുറത്ത് നിന്നുള്ള വാര്‍ത്തയുടെ ഭീകരത എല്ലാ ആഗോള ശാസ്ത്ര ഗവേഷണനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ, കോവിഡ് സംബന്ധിച്ച് ഇപ്പോഴും നമ്മുടെ ആരോഗ്യ സംവിധാനത്തെ ഭരിക്കുന്ന അജ്ഞതയുടെ ഭീകരത കൂടിയാണ് വ്യക്തമാക്കുന്നത്. ‘മാസം പൂര്‍ത്തിയാകാതെ നിങ്ങളുടെ പങ്കാളിക്ക് പ്രസവിക്കേണ്ടിവരുമെന്ന്’ ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണ്. കോവിഡ് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ഗര്‍ഭിണിക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും അനുഭവപ്പെടാം എന്നിരിക്കേ, അവരര്‍ഹിക്കുന്ന അനുകമ്പാപരമായ പ്രതികരണം പോലും നല്‍കാതിരിക്കാന്‍ മാത്രം പ്രാകൃതവും ക്രൂരവുമാക്കി കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ മാറ്റിയവരാണ് അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങളില്‍ കേരള മോഡല്‍ റോക്‌സ്റ്റാര്‍ കളിക്കാന്‍ ശ്രമിച്ചിരുന്നത്.’ ഷാജി പറഞ്ഞു.
കഴിഞ്ഞ 6 മാസക്കാലമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കാത്തത് മൂലം മരണപ്പെട്ടവര്‍ എത്ര പേരെന്ന് ഗവണ്‍മെന്റിന് അറിയുമോ ?ഹൃദ്രോഗം,കിഡ്‌നി,കാന്‍സറുള്‍പ്പെടെ ശരിയായ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചതിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലുണ്ടോ ?എന്ത് ചോദിച്ചാലും ഈ മഹാമാരി കാലത്തോ എന്ന് സൂത്രത്തില്‍ മറ്റെല്ലാത്തിനേയും റദ്ദ് ചെയ്യുന്ന ചോദ്യവുമായി ഇനിയുമെത്ര പേരെയാണ് നിങ്ങള്‍ മരണത്തിലേക്കെറിയുന്നത് ?-ഷാജി ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നമ്പര്‍ 1 കേരള ആരോഗ്യ മോഡലിന്റെ ഒരു ചിത്രം!മഹാ ശാസ്ത്ര വിവര ബോധമുള്ള ശാസ്ത്രസാഹിത്യ പരിഷത്തുകാരുടെ അതിശയിപ്പിക്കുന്ന കണ്ടെത്തലുകള്‍ കൊണ്ട് ലോകത്തെ ഇളക്കി മറിക്കുന്ന കേരള മോഡലിന്റെ കവര്‍ ചിത്രം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളുടെ അവസ്ഥയെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഗവേഷണം നടത്തിയ ലോകാരോഗ്യസംഘടനയിലെയും ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികളിലെയും ഗവേഷകരുടെ നിര്‍ദ്ദേശങ്ങള്‍ക്കോ നിയമാവലികള്‍ക്കോ ഈ
കേരള മോഡലിനകത്ത് സ്ഥാനമില്ല.
14 മണിക്കൂര്‍ ചികിത്സ നിഷേധിക്കപ്പെട്ട്, രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ട മലപ്പുറത്ത് നിന്നുള്ള വാര്‍ത്തയുടെ ഭീകരത എല്ലാ ആഗോള ശാസ്ത്ര ഗവേഷണനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായ, കോവിഡ് സംബന്ധിച്ച് ഇപ്പോഴും നമ്മുടെ ആരോഗ്യ സംവിധാനത്തെ ഭരിക്കുന്ന അജ്ഞതയുടെ ഭീകരത കൂടിയാണ് വ്യക്തമാക്കുന്നത്.
‘മാസം പൂര്‍ത്തിയാകാതെ നിങ്ങളുടെ പങ്കാളിക്ക് പ്രസവിക്കേണ്ടിവരുമെന്ന്’ ഭര്‍ത്താവിനെ ഭയപ്പെടുത്തുന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണ്. കോവിഡ് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും ഗര്‍ഭിണിക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും അനുഭവപ്പെടാം എന്നിരിക്കേ, അവരര്‍ഹിക്കുന്ന അനുകമ്പാപരമായ പ്രതികരണം പോലും നല്‍കാതിരിക്കാന്‍ മാത്രം പ്രാകൃതവും ക്രൂരവുമാക്കി കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ മാറ്റിയവരാണ് അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങളില്‍ കേരള മോഡല്‍ റോക്‌സ്റ്റാര്‍ കളിക്കാന്‍ ശ്രമിച്ചിരുന്നത്.
ഗര്‍ഭിണിയായ സ്ത്രീയുടെ പ്രസവിക്കാനുള്ള മനുഷ്യാവകാശമാണ് 14 മണിക്കൂര്‍ നിഷേധിക്കപ്പെട്ടത്.കോവിഡ് വന്നതോടെ മറ്റെല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ലോകത്തിലെ ഏകാധിപതികള്‍ ഭ്രഷ്ട് കല്പിച്ചത് പോലെ കോവിഡല്ലാത്ത മുഴുവന്‍ രോഗങ്ങള്‍ക്കും ചികിത്സ നിഷേധിക്കപ്പെടുകയാണ് കേരളത്തില്‍.കോവിഡ് സെന്ററുകള്‍ മാത്രമാക്കി മെഡിക്കല്‍ കോളേജുകളെയും പ്രധാന ഹോസ്പിറ്റലുകളേയും മാറ്റിയ, തികച്ചും അശാസ്ത്രീയമായ കോവിഡ് പ്രതിരോധത്തിന്റെ ദുരന്ത ഫലം.
കഴിഞ്ഞ 6 മാസക്കാലമായി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കാത്തത് മൂലം മരണപ്പെട്ടവര്‍ എത്ര പേരെന്ന് ഗവണ്‍മെന്റിന് അറിയുമോ ?ഹൃദ്രോഗം,കിഡ്‌നി,കാന്‍സറുള്‍പ്പെടെ ശരിയായ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചതിന്റെ കണക്ക് സര്‍ക്കാരിന്റെ കയ്യിലുണ്ടോ ?എന്ത് ചോദിച്ചാലും ഈ മഹാമാരി കാലത്തോ എന്ന് സൂത്രത്തില്‍ മറ്റെല്ലാത്തിനേയും റദ്ദ് ചെയ്യുന്ന ചോദ്യവുമായി ഇനിയുമെത്ര പേരെയാണ് നിങ്ങള്‍ മരണത്തിലേക്കെറിയുന്നത് ?
ഒരു പകര്‍ച്ചാവ്യാധിക്കാലത്ത് കാണിക്കേണ്ട സൂക്ഷ്മതക്കും ജാഗ്രതക്കുമപ്പുറത്ത് ഇതൊരു ഭീകരവസ്ഥയാക്കി തീര്‍ക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് സായാഹ്ന വാര്‍ത്താവായന മത്സരം നടത്തിയ ലോകത്തിലെ തന്നെ ഏക സംസ്ഥാനമാണ് കേരളം .അതുവഴി ശാസ്ത്രാവബോധം നയിക്കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഭയവും ഭീതിയും നല്‍കിയ ദുരവസ്ഥയുടെ പേരാണ് ഇടതുപക്ഷ ഭരണം. മനുഷ്യന്റെ ജീവിക്കാനുള്ള സ്വതന്ത്ര്യം കോവിഡിന്റെ മറവില്‍ നിഷേധിച്ച്, രാഷ്ട്രീയ നേട്ടമുണ്ടാക്കാനിറങ്ങിയ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുള്‍ക്കൊള്ളുന്ന ഭരണകൂടം തന്നെയാണ് ഇതില്‍ ഒന്നാം പ്രതി.
#ഈ മോഡല്‍ തുടരാതിരിക്കട്ടെ #