X

ഷാജിയുടെ പ്രവേശനവും മുഖ്യമന്ത്രിയുടെ ആരോഗ്യവും

ലെജു കല്ലൂപ്പാറ

മാറ്റം എന്ന വാക്കൊഴികെ മറ്റെല്ലാം മാറുമെന്ന മാര്‍ക്‌സിയന്‍ വചനത്തില്‍ താനൊഴികെ എന്ന കൂട്ടിച്ചേര്‍ക്കല്‍ നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്നു തോന്നിപോകുന്ന രീതിയിലായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പ്രകടനം. സഭ ആരംഭിച്ച ഉടന്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് ചെവികൊടുക്കാതെ സ്പീക്കര്‍ നടപടികളിലേക്ക് നീങ്ങി. ഒരുമണിക്കൂര്‍ നീളുന്ന ചോദ്യോത്തരവേളയില്‍ പ്രളയാനന്തര പുനരധിവാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വായിച്ചു തീര്‍ക്കാന്‍ അദ്ദേഹം മുക്കാല്‍ മണിക്കൂര്‍ എടുത്തു. ഇതിനെ പ്രതി പക്ഷ നേതാവ് ചോദ്യം ചെയ്തു. ആദ്യ ഉത്തരത്തിന് മറുപടി പറഞ്ഞാല്‍ ബാക്കി ഉത്തരങ്ങള്‍ മേശപ്പുറത്തുവയ്ക്കുന്നതാണ് രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്നതിനുള്ള ആരോഗ്യം തനിക്കുള്ളതിനാല്‍ മേശപ്പുറത്ത് വയ്‌ക്കേണ്ട ആവശ്യം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രദര്‍ശിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
സഭയില്‍ ഇന്നലെ ഏറെ ശ്രദ്ധേയമായ സംഭവം കെ.എം ഷാജി എം.എല്‍.എയുടെ പ്രവേശനമായിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇന്നലെ ഷാജി സഭയിലെത്തിയത്. സഭതുടങ്ങി രണ്ടുമിനിട്ടിനുള്ളില്‍ എത്തിയ ഷാജിയെ ഡസ്‌ക്കിലടിച്ച് ആരവത്തോടെയാണ് പ്രതിപക്ഷാംഗങ്ങല്‍ സ്വീകരിച്ചത്. ഷാജിയുടെ വരവ് പ്രതിപക്ഷം ആഘോഷിച്ചപ്പോള്‍ ഭരണപക്ഷം നിശബ്ദമായി.
നിയമസഭയിലും പുറത്തും എന്നും വ്യത്യസ്തനാകാന്‍ ശ്രമിക്കുന്ന പി.സി ജോര്‍ജ് ഇന്നലെ കറുത്ത വസ്ത്രം അണിഞ്ഞാണ് സഭയിലെത്തിയത്. ഷര്‍ട്ടിനുപുറത്ത് കറുത്ത ഷാളും. കറുത്ത ജുബ്ബായും അണിഞ്ഞെത്തിയ ഒ.രാജഗോപാലിന്റെ അടുത്തെത്തി ജോര്‍ജ് ഏറെ സമയം ചെലവഴിച്ചു. പ്രതിപക്ഷത്തെ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ്, ഭരണപക്ഷത്തെ ടി.വി രാജേഷ്, മുകേഷ് എന്നിവരും കറുത്ത ഷര്‍ട്ടണിഞ്ഞെത്തിയത് ശ്രദ്ധിക്കപ്പെട്ടു.
വി.എസ് ശിവകുമാര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, റോഷി അഗസ്റ്റിന്‍, അനൂപ് ജേക്കബ് എന്നിവര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ നിയമം കയ്യിലെടുത്ത് ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സമാധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ചതെന്നും അവകാശപ്പെട്ടു. ഭക്തര്‍ക്ക് ശബരിമലയില്‍ ബുദ്ധിമുട്ടൊന്നുമില്ലെന്നും പൊലീസ് സ്വീകരിച്ച നടപടികളെ ഹൈക്കോടതി അംഗീകരിച്ചെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ പിന്നീട് അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിച്ച വി.എസ്. ശിവകുമാര്‍ മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ ഓരോന്നായി ഖണ്ഡിച്ചു. ശബരിമലയിലെ പൊലീസ് നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി മൂന്നംഗ സമിതിയെ നിരീക്ഷണത്തിന് വെച്ച കാര്യവും ശിവകുമാര്‍ ചൂണ്ടികാണിച്ചതോടെ മുഖ്യമന്ത്രിയുടെ വാദങ്ങളുടെ പൊള്ളത്തരം വെളിവായി. അവിടെ ഭക്തജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടതായും ഹൈക്കോടതി ജഡ്ജിയെപോലും തടഞ്ഞ സംഭവം ഹൈക്കോടതി ചൂണ്ടികാണിച്ചകാര്യവും ശിവകുമാര്‍ എടുത്തുപറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്തില്‍ വകുപ്പ് 530 കോടി രൂപയുടെ വികസനം നടപ്പാക്കിയകാര്യവും എടുത്തുപറഞ്ഞു.മ
ശബരിമലയില്‍ പ്രക്ഷോഭത്തിന്റെ പേരില്‍ വന്നവര്‍ ആചാരം ലംഘിച്ചെന്നും ശബരിമലയിലെ സംഘര്‍ഷ സ്ഥിതിയ്ക്ക് അയവുവരുത്താനാണ് പൊലീസിന്റെ മെഗഫോണിലൂടെ അവരിലൊരാളെ അനുവദിച്ചതെന്നും വത്സന്‍ തില്ലങ്കേരിയുടെ പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ഭക്തരുടെ സൗകര്യം ഉറപ്പാക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നും അത് പിന്‍വലിക്കുന്ന പ്രശ്‌നം ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനിടയില്‍ അടിയന്തിരപ്രമേയം ചര്‍ച്ചചെയ്യാണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ശബരിമലവിഷയത്തില്‍ സര്‍ക്കാരും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും 144 പ്രഖ്യാപിക്കാതെ പ്രശ്‌നം ഉണ്ടാക്കരുതെന്ന് സര്‍ക്കാര്‍ തില്ലേങ്കരിയോട് പറഞ്ഞാല്‍ പോരെയെന്നും തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ചോദിച്ചു. ബി.ജെ.പി നേതാക്കളെ മഹത്വവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയും ഇരട്ടത്താപ്പാണ്. കേരളത്തെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം മതേതര കക്ഷികള്‍ ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

chandrika: