ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം നടക്കുന്ന അക്രമ സംഭവങ്ങള്‍ ഫാസിസ്റ്റ് സ്വപ്‌നത്തിലേക്ക് സംഘ് പരിവാര്‍ നടത്തുന്ന ചുവടുവെപ്പെന്ന് കെ.എം ഷാജി എം.എല്‍.എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘ് പരിവാര്‍ ഫാസിസ്റ്റുകളുടെ രീതിയെന്നും, ത്രിപുരയടക്കമുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് പ്രകാശ് കാരാട്ടിനെ പോലുള്ളവര്‍ മതനിരപേക്ഷ മുന്നേറ്റത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്നും കെ.എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
വ്യാപകമായ അതിക്രമങ്ങളിലൂടെ ത്രിപുരയും സംഘപരിവാർ അരാജകത്വത്തിൽ ആഴ്‌ത്തുകയാണ്.
അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂർണ്ണ അതിക്രമങ്ങളിലൂടെ നിലനിർത്തുകയും ചെയ്യുന്നതാണ് രാജ്യത്തെമ്പാടുമുള്ള സംഘ് പരിവാർ ഫാഷിസ്റ്റുകളുടെ രീതിയും നീതിയും.
ജോർജ്ജ് ഓർവെലിന്റെ നിരീക്ഷണങ്ങളത്രയും ഇന്ത്യയിൽ സത്യമാവുകയാണ്.’ബിഗ് ബ്രദർ സ്റ്റേറ്റ്’എന്ന ഫാഷിസ്റ് സ്വപ്‍നത്തിലേക്ക് സംഘപരിവാർ ചുവടുകൾ വെക്കുകയാണ്. ഫാഷിസ്റ്റ് സമഗ്രാധിപത്യം തീർക്കുന്ന കോൺസെൻട്രേഷൻ ക്യാമ്പായി രാജ്യം മാറുന്നതിന് മുൻപ് പ്രതിരോധം തീർക്കാൻ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും ബാധ്യതയുണ്ട്.ആ ദൗത്യം നിർവ്വഹിക്കാൻ നമുക്കാവുന്നില്ലെങ്കിൽ മഹത്തായ ഭാരതീയ ദർശനങ്ങളുടെ ഒറ്റുകാരെന്ന് ചരിത്രം നമ്മെ വിശേഷിപ്പിക്കും.
ത്രിപുരയടക്കമുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് പ്രകാശ് കാരാട്ടിനെ പോലുള്ളവർ തങ്ങളുടെ നിലപാടുകൾ മതനിരപേക്ഷ മുന്നേറ്റത്തിന് അനുകൂലമായി സ്വീകരിക്കണം.ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ചു നില്ക്കാൻ കഴിയുന്നില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലമെന്ന തിരിച്ചറിവ് ഫാഷിസ്റ് പ്രതിരോധത്തിന് എല്ലാവര്ക്കും ഊർജ്ജമാവട്ടെ..