X
    Categories: MoreViews

വിയോജിപ്പുകള്‍ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല, ഷാനി പ്രഭാകറിനെതിരായ പ്രചാരത്തില്‍ പ്രതിഷേധിച്ച് കെ.എം ഷാജി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരായ സൈബാറക്രമണത്തില്‍ പ്രതിഷേധിച്ച് അഴീക്കോട് എം എല്‍ എയും മുസ്ലിം യുത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ സൈബര്‍ ഇടങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന വ്യക്തിഹത്യയോട് യോജിക്കാനാവില്ല.
പരസ്പരമുള്ള എതിര്‍പ്പുകളും, വിയോജിപ്പുകളും ഒക്കെ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല. സൈബര്‍ ഇടങ്ങളില്‍ വ്യക്തികളെ തേജോവധം ചെയ്തു കൊണ്ടല്ല പൊതുപ്രവര്‍ത്തനം നടത്തേണ്ടത്.

വ്യവസ്ഥാപിതമാധ്യമങ്ങളില്‍ എഡിറ്റിംങ്ങിന് ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ എഡിറ്റിംങ് ഇല്ല. എഴുതുന്നയാള്‍ക്ക് തന്നെയാണ് എഡിറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും. വാര്‍ത്തകള്‍ എഡിറ്റ് ചെയ്യേണ്ട വിധം തിയറിയായും, പ്രാക്ടിക്കലായും പഠിച്ച് മീഡിയാ സ്‌കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന എഡിറ്റര്‍മാര്‍ പോലും സൂക്ഷ്മമായി എഡിറ്റ് ചെയ്യാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന കാലത്താണ് ഇന്ത്യയിലെ മാധ്യമരംഗം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. സൈബറിടങ്ങളില്‍ എഡിറ്റ് ചെയ്യുകയോ, വിലയിരുത്തുകയോ, ധാര്‍മ്മികതയുടെ അതിരുകള്‍ പാലിക്കുകയോ ചെയ്യേണ്ടതില്ലെന്ന തെറ്റിധാരണ മാറ്റിയെടുക്കേണ്ടതുണ്ട്.

മാധ്യമരംഗത്ത് സദാചാരം പാലിക്കേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ഫാഷിസ്റ്റുകളാണ്.കുപ്രചാരണങ്ങളും, അപസര്‍പ്പക കഥകളും മെനയാന്‍ പ്രൊഫഷനല്‍ സംഘങ്ങള്‍ തന്നെ അവര്‍ക്കുണ്ട്. അവര്‍ക്ക് വിയോജിപ്പുള്ളവരെ നേരിടാനുള്ള രീതിയാണത്.മാധ്യമപ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍ ഫാഷിസ്റ്റുകളുടെ ശത്രുപ്പട്ടികയിലാണുള്ളത്. ചില ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വഴി അന്വേഷിക്കാതെ പ്രചരിപ്പിക്കുന്നവര്‍ അവര്‍ പോലും അറിയാതെ വര്‍ഗ്ഗീയ ഫാഷിസ്‌റ് പ്രചാരവേലയില്‍ പങ്കെടുക്കുകയാണ്.
പൊതുരംഗത്തും, മാധ്യമരംഗത്തും സജീവമായ സ്ത്രീകളുടെ സ്വഭാവശുദ്ധിയെ കുറിച്ചുള്ള സംശയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടില്ല.
സ്വയം സദാചാര പോലീസ് ചമയുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പ്രത്യേകിച്ചും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നു എന്നതും അതിന് കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ ജനാധിപത്യവും, ആധുനികതയും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തെയും, പരിഗണനയെയും മറന്നു കൊണ്ടാണ് പലരും സദാചാരവാദികളായി ചമയുന്നത്. സ്ത്രീയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കും പ്രവര്‍ത്തിയും ക്രിമിനല്‍ കുറ്റമാണ്. ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ കൂടിയാകുമ്പോള്‍ അത് ഡിജിറ്റല്‍ രേഖയാണ്. കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് മാത്രമല്ല, തെളിവുമുണ്ട്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് പലരും ഇടപെടുന്നത്. നിഷ്‌കളങ്കമായി ഷെയര്‍ ചെയ്യുന്നവരും, രാഷ്ട്രീയ വിരോധം തീര്‍ക്കുന്നവരും, കാര്യത്തിന്റെ ഗൗരവമറിയാതെ ചെയ്യുന്നവരും ഉണ്ട്. ഏതായിരുന്നാലും അതൊരു കുറ്റകൃത്യമാണ്. അതേ കുറിച്ച് മലയാളികളായ ചെറുപ്പക്കാരെ പ്രത്യേകം ബോധവത്കരിക്കേണ്ടതുണ്ട്.

കേരളത്തില്‍ സൈബര്‍ അക്രമത്തിനിരയായ പൊതുപ്രവര്‍ത്തകരായ സ്ത്രീകളില്‍ മിക്കവരും തികഞ്ഞ സംഘപരിവാര്‍ വിരുദ്ധരായിരുന്നു എന്നത് കേവലം യാദൃശ്ചികമല്ല. അതിനര്‍ഥം ഫാഷിസ്‌റ് വിരുദ്ധ നിലപാട് പ്രത്യക്ഷമായോ, പരോക്ഷമായോ സ്വീകരിക്കുന്ന സ്ത്രീകളുടെയെല്ലാം വ്യക്തിജീവിതത്തിലെ സൂക്ഷ്മ ഇടങ്ങള്‍ പോലും പരതി ന്യൂനതകള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വമാണ് എന്നാണ്. ഊഹങ്ങളും, സംശയങ്ങളും ഉന്നയിച്ച് അവരൊക്കെ മോശക്കാരാണ് എന്ന പ്രതിച്ഛായ സൃഷ്ടിച്ച് മൗനികളാക്കുകയാണ്.

സമൂഹത്തില്‍ സദാചാരം നിലനിര്‍ത്തേണ്ടത് അപവാദ പ്രചാരണങ്ങളിലൂടെയാണ് എന്ന് ധരിച്ചു പോയിട്ടുണ്ട് ചിലര്‍. ആശയങ്ങളെയും, നിലപാടുകളെയും വിജയിപ്പിച്ചെടുക്കാനുള്ള വഴി ആക്ഷേപങ്ങളും, അശ്ലീലവുമാണെന്ന് ധരിച്ചു വെച്ചിരിക്കുന്നു ചിലര്‍.
പാദമുദ്രകള്‍ പതിപ്പിച്ച് മുന്നോട്ട് പോകുന്ന സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നത് ഒരു വ്യക്തിയോട് ചെയ്യുന്ന ദ്രോഹം മാത്രമല്ല, അവള്‍ക്ക് പിറകേ വരുന്നവരുടെ കൂടി ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ്. ഒരു പ്രാവിനെ മാത്രം കല്ലെറിഞ്ഞാല്‍ മതി പ്രാവിന്‍കൂട്ടം ഭയചകിതരായി പറന്നു പോകാന്‍ എന്ന ലളിതയുക്തിയാണത്.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസവും, പിന്തുണയും നല്‍കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തമാണ് ഓരോ ജനാധിപത്യവാദിക്കും ഉള്ളത്.

chandrika: