X
    Categories: More

സി.പി.എം ‘മനുസ്മൃതി’ അനുസരിക്കാന്‍ മനസ്സില്ല; പ്രതിഷേധത്തിന് പിന്തുണയുമായി കെഎം ഷാജി

സി.പി.എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയെടുക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കെഎം ഷാജി എം.എല്‍എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന രീതിയില്‍ സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ ശക്തമായ മറുപടിയുമായാണ് കെഎം ഷാജി രംഗത്തെത്തിയത്.

ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന സി പി എം ‘മനുസ്മൃതി’ നാട്ടുകാര്‍ മുഴുവന്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അതിന് മനസ്സില്ലെന്ന് കെഎം ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കെഎം ഷാജിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം…

ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന സി പി എം ‘മനുസ്മൃതി’ നാട്ടുകാര്‍ മുഴുവന്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസ്സില്ല എന്നാണുത്തരം. എഴുത്ത് മനോഹരമായ പ്രവര്‍ത്തിയാണ്. പക്ഷേ എഴുത്തുള്‍കൊള്ളുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്.

ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്‌കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവണ്‍മെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്.

ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവര്‍ക്കെതിരെ മൗനത്തെക്കാള്‍ വലുതെന്തുണ്ട്. വര്‍ഗ്ഗ വിപ്ലവത്തിന് നരബലികള്‍ നടക്കുമ്പോള്‍ വാഴപ്പിണ്ടിയെക്കാള്‍ നല്ലൊരു സമരായുധമില്ലെന്ന് മാര്‍ക്‌സേട്ടന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമര്‍ശിക്കൂ കുഞ്ഞുങ്ങളെ.

അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നല്‍കിയ കല്പനാ സൃഷ്ടികളൊക്കെ പറയാന്‍ കൊള്ളാം.പക്ഷേ ഇവിടെ ആര്‍ക്കാണത് വേണ്ടത്.? കോണ്‍ഗ്രസ്സ്‌കാരും ലീഗുകാരും കേരള കോണ്‍ഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നില്‍ക്കുന്നവരല്ല. അപ്പോള്‍ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തില്‍.ഈ ബ്ലാക്ക് ജീനിയസ്സുകള്‍ നിലകൊള്ളുന്നതും അവര്‍ക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് ഇവര്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്.

അതു കൊണ്ട് തന്നെയാണ് ‘ബ്രാന്മണദാസ്യം ശൂദ്ര ധര്‍മ്മമെന്ന’ പോലെ ഈ സി പി എം നിര്‍മ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്. അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികള്‍ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്‌സ്.

അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകള്‍ക്കെന്ത് ആവിഷ്‌കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത്..

chandrika: