X

കെ.എം ഷാജി എം.എല്‍.എയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി; നികേഷിന് തിരിച്ചടി

കോഴിക്കോട്: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വിധി പറയാന്‍ മാറ്റി. അയോഗ്യനാക്കിയ അഴീക്കോട് കെ.എം ഷാജി എം.എല്‍.എയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ രണ്ടാഴ്ചക്ക് ശേഷമാകും വിധി പറയുക. അതുവരെ അയോഗ്യതക്ക് അനുവദിച്ച സ്റ്റേ തുടരും. കെ.എം.ഷാജിയ്ക്ക് എംഎല്‍എ എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യം നിഷേധിക്കണം എന്ന എം.വി.നികേഷ് കുമാറിന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരിലാണ് അഴീക്കോട് എംഎല്‍എയായ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നത്. ഇതിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് കെ.എം.ഷാജി രംഗത്തെത്തിയതോടെ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ അനുവദിക്കുകയായിരുന്നു.

എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനാല്‍ തല്‍ക്കാലത്തേയ്ക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു. ഷാജിയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി സ്റ്റേ തുടരുമെന്ന് അറിയിച്ചത്. അയോഗ്യനാക്കിയ വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിനാൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രിംകോടതിയെ സമീപിക്കാൻ കാലതാമസമുണ്ടായേക്കാം. ഈ കാലയളവിൽ അഴീക്കോട് മണ്ഡലത്തിൽ എംഎൽഎ ഉണ്ടാകില്ലെന്നും ഇത് വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നുമാണ് കെ.എം.ഷാജി സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ പറഞ്ഞത്. അയോഗ്യനാക്കിയ വിധി വന്ന് മൂന്നു മണിക്കൂറിനകം തന്നെ ഇത് അനുവദിച്ച ഹൈക്കോടതി ഇപ്പോൾ വീണ്ടും സ്‌റ്റേ നീട്ടിയിരിക്കുകയാണ്. നികേഷ്‌കുമാറിന്റെ വാദങ്ങളും കോടതി അംഗീകരിച്ചിട്ടില്ല.

ആറ് വര്‍ഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. കോടതിച്ചെലവായി അന്‍പതിനായിരം രൂപ ഷാജി നികേഷിന് നല്‍കുകയും വേണം.

chandrika: