X
    Categories: CultureMoreNewsViews

എം.എൽ.എ അല്ലാതായെന്നു വിധിക്കാൻ നിയമസഭാ സെക്രട്ടറിക്ക് കൊമ്പുണ്ടോ? കെ.എം ഷാജി

കോഴിക്കോട്: എം.എൽ.എ അല്ലാതായി എന്നു നോട്ടീസിറക്കിയ നിയമസഭാ സെക്രട്ടറിക്കെതിരെ കെ.എം ഷാജി. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിയമസഭാ സെക്രട്ടറിക്ക് ഉത്തരവിറക്കാൻ അധികാരമില്ല. ധൃതിപിടിച്ച് അനാവശ്യ രാഷ്ട്രീയക്കളിയാണ് അദ്ദേഹം നടത്തിയതെന്നും ഷാജി പറഞ്ഞു. നിയമസഭാ സെക്രട്ടറിക്കെന്താ കൊമ്പുണ്ടോ എന്നു ഷാജി ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ പ്രകാരമുള്ള ഇന്ത്യൻ പ്രസിഡണ്ടിന്റെ അധികാരമാണ് അദ്ദേഹം പ്രയോഗിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തനിക്കെതിരെ പ്രവർത്തിച്ച ഓരോരുത്തരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ഷാജി പറഞ്ഞു. എം.എൽ.എ അല്ലാതായ എന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കുമോ? അതോ, എം.എൽ.എ ആയി എന്നു പറഞ്ഞ് വീണ്ടും ഉത്തരവിറക്കുമോ എന്നും ഷാജി ചോദിച്ചു. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസ് തീർന്നുവെന്ന് എം.വി നികേഷ്‌കുമാർ കരുതേണ്ട. ഞാൻ കേസ് തുടങ്ങിയിട്ടേ ഉള്ളൂ. ഈ വൃത്തികെട്ട നോട്ടീസിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയായാലും ഓരോരുത്തരെയും പിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവരും. അതിനായി ഏതറ്റം വരെയും പോകും. സമുദായങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ തുനിഞ്ഞവർ ആരാണെന്ന് സമൂഹം അറിയണം. വെറുതെ ഒരു കേസ് കൊടുത്ത് സുപ്രിം കോടതിയിൽനിന്ന് അങ്ങനെയങ്ങ് ഇറങ്ങിപ്പോകാൻ ആരെയും സമ്മതിക്കില്ല. സ്റ്റേയുടെ ബലത്തിൽ എം.എൽ.എയായി തുടരുന്നതിലല്ല കാര്യം.
കുറ്റക്കാരനാണെങ്കിൽ എന്നെ അയോഗ്യനാക്കട്ടെ. അല്ലെങ്കിൽ കുറ്റം ചെയ്തവരെ പുറത്തുകൊണ്ടു വന്നേ പറ്റൂ. ജനാധിപത്യക്രമത്തെ അട്ടിമറിക്കുന്ന തരത്തിൽ ഈ തരികിട നോട്ടീസ് അടിച്ചവർ എത്ര വലിയ തമ്പുരാനായാലും പുറത്തുകൊണ്ടുവരും. അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാരെയും പുറത്തെത്തിക്കും- അദ്ദേഹം പറഞ്ഞു. കേസിലെ സ്റ്റേ എന്നതിനേക്കാൾ കേസ് പരിഗണിച്ചു എന്നതിലാണ് തന്റെ സന്തോഷമെന്നും നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിച്ചെന്നും ഷാജി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: