കുമ്മനം രാജശേഖരന്റെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ. വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുകയാണെന്നും കെ.എം ഷാജി പറഞ്ഞു. സ്വാതന്ത്ര്യസമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മത സൗഹൃദത്തിന്റെയും, മനുഷ്യ സൗഹൃദത്തിന്റെയും മൂര്‍ത്തമായ പോരാട്ട രൂപമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം. ജാതിക്കും, വര്‍ഗ്ഗത്തിനും, മതത്തിനും അപ്പുറം ഇന്ത്യക്കാര്‍ എന്ന ഏകത രൂപപ്പെട്ട ചരിത്ര സന്ധിയാണ് സ്വാതന്ത്ര്യ സമരം.
ആര്‍ഷഭാരത സംസ്‌കാരം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. വസുധൈവ കുടംബകം എന്ന, ലോകമേ തറവാട് എന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടുള്ളതാണ് ആര്‍ഷഭാരത സംസ്‌കാരം. അതിന്റെ യഥാര്‍ഥ ഉടമകള്‍ ദേശീയ പ്രസ്ഥാനങ്ങളാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളാണ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നത്. യഥാര്‍ത്ഥ ഹിന്ദു സനാതന ധര്‍മ്മം ഉള്ളതു കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി നടത്തിയ ആദ്യത്തെ സമരം പാക്കിസ്താന് വാഗ്ദത്തം ചെയ്തിരുന്ന പണം നല്‍കുന്നതിന് വേണ്ടിയായത്.ഇന്ത്യയുടെ കരള്‍ പകുത്ത് പുറത്ത് പോയ ഒരു രാജ്യത്തിന്റെ പ്രശ്‌നത്തില്‍ നീതിയുടെ വിഷയത്തില്‍ അവരുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയുന്ന വിശാലമായ വീക്ഷണത്തെയാണ് ആര്‍ഷഭാരത സംസ്‌കാരം എന്നു വിളിക്കുന്നത്.
വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണ്. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ സമരത്തെ അത് കൊണ്ട് തന്നെയാണ് കുമ്മനത്തെ പോലെ ഒരാള്‍ക്ക് ദഹിക്കാത്തത്. സത്യത്തെയല്ല, അര്‍ധസത്യങ്ങളെയും, ഊഹിച്ചെടുക്കുന്ന സമര കഥകളെയും ജനങ്ങള്‍ വിശ്വസിക്കും എന്നവര്‍ ധരിച്ചു വെച്ചിരിക്കുന്നു. ചരിത്രത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ചരിത്രത്തെ കര്‍ട്ടനിട്ട് മറയ്ക്കുകയുമാവാം, വിസ്മൃതിയിലേക്ക് പോകുകയുമാവാം. ഇന്ത്യ ജീവിക്കുന്നിടത്തോളം കാലം, പ്രൗഢമായ ഭരണഘടന നില നില്‍ക്കുന്നിടത്തോളം കാലം, വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തെ വിസ്മരിക്കുക എന്നത് അസംഭവ്യമായ കാര്യമാണ്. പിന്നെയുള്ളത് കര്‍ട്ടനിട്ട് മൂടുകയോ, തെറ്റിധരിപ്പിച്ച് ചരിത്രത്തെ വളച്ചൊടിക്കുകയോ ചെയ്യുക എന്നതാണ്. ആയൊരു ശ്രമത്തിലാണ് കുമ്മനം ഇപ്പോഴുള്ളത്.
ഊരിപ്പിടിച്ച വാളിന് മുന്നില്‍, നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ ജീവന്‍ ഉടലിനോട് വേര്‍പ്പെടുമെന്ന് ഉറപ്പിക്കുമ്പോഴും സാമ്രാജ്യത്വ കിങ്കരന്‍മാരുടെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിയ ധീരന്മാരെയാണ് കുമ്മനം പരിഹസിക്കാന്‍ ശ്രമിക്കുന്നത്.
രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വരുമെന്നറിഞ്ഞപ്പോള്‍ മാപ്പെഴുതി കൊടുത്ത് രക്ഷപ്പെട്ടയാളുടെ പിന്‍ഗാമിയാണ് കുമ്മനം രാജശേഖരന്‍. സമരവും, സ്വാതന്ത്യവും, ജയില്‍ വാസവും എന്താണെന്ന് മനസിലാക്കാന്‍ വിവേകമുള്ളവരുടെ കൂട്ടത്തിലല്ല സംഘ് പരിവാര്‍.
ഇന്ത്യന്‍ ദേശീയത ഇതര ദേശീയതകളെ പോലെയല്ല. ചേരീ ചേരാ നയം രൂപവത്കരിച്ചത് ഇന്ത്യയാണ്. ഇന്ത്യയുടെ ഏകത്വം എന്നത് മതസൗഹാര്‍ദ്ദത്തിന്റെയും, മനുഷ്യ സൗഹാര്‍ദ്ദത്തിന്റെയും തുല്യതയില്ലാത്ത കൂട്ടായ് മയാണ്. ഈ കൂട്ടായ്മയെ ഒരു കാലത്തും ആര്‍ എസ് എസിന് അംഗീകരിക്കാനാവില്ല. അത് കൊണ്ടാണ് ഞങ്ങള്‍ / നിങ്ങള്‍, അവര്‍ / ഇവര്‍, ഉന്നതര്‍/ കീഴാളര്‍, വന്നവര്‍ / ഇവിടെയുള്ളവര്‍ എന്ന ദ്വന്ദങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തുന്നത്.
സ്വാതന്ത്ര്യ സമരവുമായോ, മലബാര്‍ കലാപവുമായോ ബന്ധപ്പെട്ട് കുമ്മനം രാജശേഖരനോ, അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്. നമ്മളതിന് തയ്യാറാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്ക് എന്തായിരുന്നു എന്നതില്‍ ഉള്‍പ്പെടെ കുമ്മനത്തെയും അനുയായികളെയും സംവാദത്തിന് വെല്ലുവിളിക്കുകയാണ്.
ഭരണഘടനയെ അഭാരതീയം,അഹിന്ദുവെന്നും ഒന്നാം സ്വാതന്ത്യ സമരത്തെ ശിപായി ലഹള,മുഹമ്മദീയ ലഹള എന്നും വിളിച്ചാക്ഷേപിച്ച ഗോള്‍വാള്‍ക്കറുടെ അനുയായികളില്‍ നിന്ന് അല്ലെങ്കിലും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍