കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. വന്‍ അഴിമതി കാരണം സര്‍ക്കാര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തതായി രേഖകള്‍ സഹിതം കെ.എം ഷാജി ആരോപിച്ചു. 146 അഴിമതിക്കേസുകളില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ട് രംഗത്തെത്തിയത്.
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്ത് യു.ഡി ക്ലാര്‍ക്ക് പി. രാമകൃഷ്ണനെയാണ് മന്ത്രി തിരിച്ചെടുത്തത്. നീര്‍ത്തട നയം തകിടം മറിക്കുന്ന രൂപത്തില്‍ വന്‍ അഴിമതിയാണ് ഇയാള്‍ നടത്തിയത്. പഞ്ചായത്തിലെ അതീവലോല പ്രദേശങ്ങള്‍ മണ്ണിട്ടു നികത്തുന്നതിന് വന്‍ മാഫിയക്കു കൂട്ടുനിന്നതായി തെളിയിക്കപ്പെട്ടതാണ് പുറത്താക്കാന്‍ കാരണം. 2018 ജൂണ്‍ എട്ടിനാണ് ഇയാളെ പിരിച്ചുവിട്ടത്. എന്നാല്‍ മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജൂണ്‍ 18നു തന്നെ ഇയാളെ തിരച്ചെടുക്കുകയായിരുന്നു. പഞ്ചായത്ത് വകുപ്പ് ഡയരക്ടര്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥനു വേണ്ടിയാണ് മന്ത്രി നേരിട്ടു രംഗത്തിറങ്ങിയത്.
പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലായിരുന്നു ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നത്. തണ്ണീര്‍ത്തട നിയമം നഗ്‌നമായി ലംഘിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് കെ.എം ഷാജി പത്രസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചത്. കെ.ടി ജലീല്‍ മാന്യതയുടെ വേഷം ധരിച്ച ബ്ലാക്ക് ജീനിയസാണെന്നും കെ.എം ഷാജി പറഞ്ഞു.
പുതിയ ആരോപണം കൂടി വന്നതോടെ മന്ത്രി കെ.ടി ജലീലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. ബന്ധുനിയമന വിവാദത്തെ കൂടാതെ ഇന്നു രാവിലെ കുടുംബശ്രീയിലെ നിയമനത്തിലും മന്ത്രി ഇടപെട്ടതായി മുന്‍ ഡയരക്ടര്‍ വെളിപ്പെടുത്തിയിരുന്നു. കെ.എം ഷാജിയുടെ ആരോപണം കൂടി വന്നതോടെ ജലീലിന്റെ രാജി അനിവാര്യമായിരിക്കുകയാണ്.