X
    Categories: CultureMoreNewsViews

വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ പുറത്തിറങ്ങിയതിന് പിന്നില്‍ ഗൂഢാലോചന: കെ.എം ഷാജി

കൊച്ചി: തന്നെ തോല്‍പിക്കാന്‍ വേണ്ടി ആരോ ഇറക്കിയ നോട്ടീസിന്റെ പേരിലാണ് കോടതിവിധി വന്നിരിക്കുന്നതെന്നും താന്‍ ജയിക്കാന്‍ ആഗ്രഹിച്ചവരല്ല അതിനു പിന്നിലെന്നും കെ.എം ഷാജി. വര്‍ഗ്ഗീയത പ്രചരിപ്പിച്ചു എന്ന കോടതി പരാമര്‍ശം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. വര്‍ഗ്ഗീയതക്കെതിരായ തന്റെ നിലപാട് ജീവിതം കൊണ്ട് തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ തലേന്നു പോലും വര്‍ഗ്ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍. അത് കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. വര്‍ഗ്ഗീയവാദികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും ഷാജി വ്യക്തമാക്കി.

നികേഷ്‌കുമാര്‍ വളരെ മോശമായ രീതിയില്‍ വളച്ചൊടിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കും. ഒരു വിധി കൊണ്ട് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാകില്ല. വിധി സ്‌റ്റേ ചെയ്യാന്‍ അപേക്ഷ നല്‍കും. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഷാജി പറഞ്ഞു.

20 ശതമാനം മാത്രം മുസ്ലിം ജനസംഖ്യയുള്ള മണ്ഡലമാണ് അഴീക്കോട്. അവിടെ വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ല. ജനാധിപത്യപരമായാണ് താനിതുവരെ തന്റെ രാഷ്ട്രീയജീവിതം നയിച്ചത്. വിശ്വാസ്യത മാത്രമാണ് എന്റെ കൈമുതല്‍.

തനിക്കെതിരെ വൃത്തികെട്ട രാഷ്ട്രീയക്കളി കളിക്കുകയാണ് എം.വി.നികേഷ് കുമാര്‍. ഈ ലഘുലേഖ പോലും അങ്ങനെ തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണ്. ആറ് മാസമോ, അറുപത് കൊല്ലമോ മത്സരിച്ചില്ലെങ്കിലും തനിക്കൊന്നുമില്ല. പക്ഷേ, ഇത് തെറ്റെന്ന് തെളിയിക്കാതെ വെറുതെ വിടില്ലെന്നും ഷാജി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: