X
    Categories: keralaNews

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ പത്താംക്ലാസ് പോലും പാസാവാത്ത ആള്‍; വാങ്ങുന്നത് കളക്ടറുടെ ശമ്പളം: കെ.എം ഷാജഹാന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്യാനിരിക്കുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെ ഗുരുതര ആരോപണവുമായി കെ.എം ഷാജഹാന്‍. രവീന്ദ്രന്‍ പത്താം ക്ലാസ് പോലും പാസാവാത്ത ആളാണെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ജില്ലാ കളക്ടറെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഷാജഹാന്‍ പറഞ്ഞു.

1980ല്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന പി.വി കുഞ്ഞിക്കണ്ണന്റെ സഹായി ആയി തിരുവനന്തപുരത്ത് എത്തിയ ആളാണ് സി.എം രവീന്ദ്രന്‍. അന്ന് അദ്ദേഹത്തിന് ഒഞ്ചിയത്ത് ഒരു പെട്ടിക്കട മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം വിവിധ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ട്. കോടിയേരി ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ വകുപ്പ് ഭരിച്ചത് രവീന്ദ്രനായിരുന്നു. അന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അദ്ദേഹത്തിനെതിരെ വന്നിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ് ഇതിനെതിരെ രംഗത്ത് വന്നെങ്കിലും രവീന്ദ്രന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ വി.എസിന് കഴിഞ്ഞില്ലെന്നും ഷാജഹാന്‍ ആരോപിച്ചു. പിണറായി വിജയന്റെ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് സി.എം രവീന്ദ്രനാണ്. ഒഞ്ചിയത്ത് ഒരു പെട്ടിക്കട മാത്രമുണ്ടായിരുന്ന സി.എം രവീന്ദ്രന് ഇന്ന് വടകരയിലുള്ള സ്വത്തിനെക്കുറിച്ച് കേട്ടാല്‍ ഞെട്ടിപ്പോവുമെന്നും ഷാജഹാന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി സി.എം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം. അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ഐടി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇഡി ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള എം. ശിവശങ്കരനെ കൂടാതെ സി.എം രവീന്ദ്രന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: