X

കെ.എം മാണിക്കെതിരായ പരാമര്‍ശം; മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം

തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ വി.മുരളീധരനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മുരളീധരനെതിരെ ശ്രീധരന്‍പിള്ളയാണ് കോര്‍കമ്മിറ്റിയില്‍ പരാതി നല്‍കിയത്. പാര്‍ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്‍കമ്മിറ്റിയില്‍ മുരളീധരനെതിരെ വിമര്‍ശനം രൂക്ഷമായത്. മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് കുമ്മനം പറയുകയായിരുന്നു.

കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് കുമ്മനം രാജേശഖന്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്‍.ഡി.എയില്‍ എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. മുരളീധരന്‍ പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ പി.എസ് ശ്രീധരന്‍പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

chandrika: