തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാവാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ശക്തമായ പ്രലോഭനമുണ്ടായിട്ടും യു.ഡി.എഫ് തകര്‍ക്കാന്‍ മാണി തയാറായിരുന്നില്ലെന്നും അതിനാലാണ് എല്‍ഡിഎഫ് ക്ഷണം തള്ളിയതെന്നും പ്രതിച്ഛായയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശത്തോടെയല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ മാസം മുപ്പതിന്
നെടുങ്കണ്ടത്ത് നടന്ന പരിപാടിക്കിടെയാണ് കെ.എം മാണിയെക്കുറിച്ച് മന്ത്രി ജി.സുധാകരന്‍ പറഞ്ഞത്. 2012ല്‍ താന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മാണിക്ക് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥാനം ലഭിക്കുമായിരുന്നുവെന്നാണ് സുധാകരന്‍ പറഞ്ഞത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് പുറത്തുകടക്കാന്‍ മാണിയോട് താന്‍ പറഞ്ഞത് മുഖവിലക്കെടുത്തിരുന്നെങ്കില്‍ ഇന്ന് ദുഃഖിക്കേണ്ടി വരില്ലായിരുന്നുവെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്നാല്‍ മാണിയെ എല്‍.ഡി.എഫ് ക്ഷണിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സുധാകരന്‍ പിന്നീട് പ്രസ്താവന ഇറക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രതിച്ഛായയുടെ മുഖപത്രത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദം നിരസിച്ച് യുഡിഎഫിനായി നിന്ന മാണിക്ക് സമ്മാനമായി ലഭിച്ചത് ബാര്‍ക്കോഴക്കേസാണെന്ന് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു.