തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള ഉമ്മന്‍ചാണ്ടിയുടേയും രമേഷ് ചെന്നിത്തലയുടേയും ക്ഷണത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. യു.ഡി.എഫിലേക്കുള്ള തിരിച്ചുവിളിക്ക് നന്ദിയുണ്ടെന്ന് മാണി തിരുവനന്തപുരത്ത് പറഞ്ഞു.
മലപ്പുറത്ത് ലോക്‌സഭാഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് പിന്തുണ നല്‍കിയത് പാര്‍ട്ടിയുടെ വ്യക്തിപരമായ അടുപ്പമാണ്. അല്ലാതെ അത് യു.ഡി.എഫിനുള്ള പിന്തുണയല്ല. തിരിച്ചുവിളിച്ച സന്‍മനസ്സിന് നന്ദിയുണ്ട്. എന്നാല്‍ ഇപ്പോഴൊരു മടങ്ങിപ്പോക്കിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മാണി വ്യക്തമാക്കി. കോണ്‍ഗ്രസ്സിനോട് എതിര്‍പ്പില്ല. ആരോടും എതിര്‍പ്പുണ്ടെന്ന് പറഞ്ഞിട്ടുമില്ല. ഒരു മകന്‍ വീട് വിട്ടിറങ്ങിപ്പോരുന്ന ദു:ഖത്തോടെയാണ് യു.ഡി.എഫ് വിട്ടുപോന്നത്. എന്നാല്‍ വിട്ടുപോരാതിരിക്കാന്‍ കഴിയുകയുമില്ലായിരുന്നു. ശപിച്ചിട്ട് ഇറങ്ങിപ്പോന്നിട്ടുമില്ല. യു.ഡി.എഫ് നന്നായി വരണമെന്നാണ് ആഗ്രഹം. മാറി നില്‍ക്കണമെന്നാണ് ആഗ്രഹിച്ചത്. ആ നിലപാട് ശരിയാണെന്നാണ് ഇപ്പോഴും തോന്നുന്നത്. എന്നാല്‍ ഇപ്പോഴൊരു തിരിച്ചുപോക്കിന് ഒരുക്കമല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
മടങ്ങിപ്പോക്ക് ഇപ്പോഴില്ലെന്ന് വ്യക്തമാക്കിയ മാണി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ നിലപാട് എടുക്കുമെന്നും പറഞ്ഞു. അതേസമയം, മടങ്ങിപ്പോക്ക് തീര്‍ത്തും അവഗണിക്കുകയും ചെയ്തില്ല മാണി.
കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള കണ്‍വെന്‍ഷന് ശേഷമാണ് യു.ഡി.എഫിലേക്ക് മാണിയെ തിരിച്ചുവിളിക്കുകയാണെന്നുള്ള ചര്‍ച്ച പുരോഗമിച്ചത്. ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും മാണിയെ തിരിച്ചുവിളിച്ചു. എന്നാല്‍ ഇപ്പോഴൊരു മടങ്ങിവരവില്ലെന്ന് മാണി വ്യക്തമാക്കുകയായിരുന്നു.