തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനോടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വാദം പൊളിച്ച് വിവരാവകാശരേഖ. മ്യൂസിയം പരിസരത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന വാദം പൊളിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
അപകടം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ക്യാമറ കേടായതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നായിരുന്നു വാദം. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചിരിക്കുന്ന മറുപടി.
മ്യൂസിയം പരിസരത്തെ ക്യാമറ പ്രവര്‍ത്തനസജ്ജമാണെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയിരിക്കുന്ന മറുപടി. കഴിഞ്ഞ മാസം 27നാണ് ഈ മറുപടി പൊലീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, അപകടം നടന്ന സമയത്ത് ക്യാമറ കേടായിരുന്നു എന്ന വാദത്തിലാണ് പൊലീസ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായ ശേഷമാണ് വിവരാവകാശ അപേക്ഷ ലഭിച്ചതെന്നും ഇപ്പോള്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.