X

മികച്ച മുഖപ്രസംഗം കെ.എം അഹ്മദ് അവാര്‍ഡ് കെ.പി ജലീലിന്

കാസര്‍കോട്: കെ.എം അഹമ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് ചന്ദ്രിക സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ.പി ജലീല്‍ അര്‍ഹനായി. മികച്ച എഡിറ്റോറിയലുകളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ‘ആകുലപ്പെടുത്തേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട്’ എന്ന എഡിറ്റോറിയലാണ് കെപി ജലീലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, എസ് രാധാകൃഷ്ണന്‍ (റിട്ട. ഡെപ്യൂട്ടി എഡിറ്റര്‍, കേരള കൗമുദി), ടി. ശശിമോഹന്‍ (റിട്ട. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍, മാതൃഭൂമി) എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഈമാസം 16ന് 11 മണിക്ക് കാസര്‍കോട് പ്രസ് ക്ലബ്് ഹാളില്‍ നടക്കുന്ന കെഎം അഹ്മദ് അനുസ്മരണ സമ്മേളനത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പുരസ്‌കാരം സമ്മാനിക്കും.

ചന്ദ്രിക സ്പെഷല്‍ കറസ്പോണ്ടന്റായ ജലീല്‍ തിരുവനന്തപുരം റസി. എഡിറ്റര്‍ ചുമതല വഹിക്കുകയാണിപ്പോള്‍. ആനുകാലികങ്ങളില്‍ കഥയും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ലെ കേരള സര്‍ക്കാരിന്റെ സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്, ഗള്‍ഫ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുടെ പരമ്പരക്ക് സീതിതങ്ങള്‍- ദുബൈ കെഎംസിസി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പാലക്കാട് കിണാശേരി പരപ്പനയില്‍ പരേതനായ പികെ ഖാദറിന്റെയും പാത്തുമുത്തിന്റെയും മകനാണ്. ഭാര്യ: സലീന (പാലക്കാട് കേരള ബാങ്ക് ഹെഡ്ഓഫീസില്‍ അക്കൗണ്ടന്റ്) . എംബിബിഎസ് വിദ്യാര്‍ഥിനി ജസ്നമോളും ബിഎഎംഎസ് വിദ്യാര്‍ഥിനി സജ്നമോളും ഇരട്ടമക്കളാണ്.

Test User: