കുട്ടിക്കാലത്ത് കാണുന്ന ഓരോ സ്വപ്‌നങ്ങളും പിന്തുടര്‍ന്നെത്തുമ്പോഴാണ് വളര്‍ന്നുകഴിയുമ്പോള്‍ അത് നേടിയെടുക്കുന്നത്. ഗൂഗിളില്‍ ജോലി ചെയ്യുന്നതും ഒളിംമ്പിക്‌സില്‍ നീന്തണമെന്നുമൊക്കെയാണ് കുഞ്ഞു ക്ലോ ബ്രിഡ്ജ് വാട്ടര്‍ എന്ന മിടുക്കിയുടെ സ്വപ്നം. സ്വപ്‌നം പങ്കുവെച്ച് ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍പിച്ചൈക്ക് കത്തെഴുതിയിരിക്കുകയാണ് ഈ ഏഴുവയസ്സുകാരി. യു.കെയിലെ ഹിയര്‍ഫോര്‍ഡാണ് ക്ലോയുടെ നാട്.
തിരക്കുണ്ടായിരുന്നിട്ടും ക്ലോയുടെ കത്തിന് മറുപടി അയച്ച സന്ദര്‍പിച്ചൈയുടെ പ്രതികരണത്തില്‍ സന്തോഷവാനാണ് ക്ലോയുടെ അച്ഛന്‍. വളരെ വലിയ രീതിയിലുള്ള പ്രോല്‍സാഹനമാണ് കത്തിലുടനീളം സുന്ദര്‍ പിച്ചൈ എഴുതിയിരിക്കുന്നത്. കുട്ടിക്കാലത്തെ ആഗ്രഹങ്ങള്‍ പിന്തുടരുവാനും കഠിന പരിശ്രമത്തിലൂടെ അവ നേടിയെടുക്കാനും സുന്ദര്‍ പിച്ചൈ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കഠിന പ്രയത്‌നത്തിലൂടെ ഗൂഗിളില്‍ ജോലി നേടാനും ഒളിംമ്പിക്‌സില്‍ നീന്താനും ക്ലോയ്ക്ക് പറ്റുമെന്നും വളര്‍ന്ന് വലുതായിക്കഴിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷമുള്ള ക്ലോയുടെ ജോലി അപേക്ഷക്ക് കാത്തിരിക്കുകയാണ് താനെന്നും മറുപടി കത്തില്‍ സുന്ദര്‍ പിച്ചൈ പറയുന്നു.
മകളുടെ കത്ത് അച്ഛന്‍ ആന്‍ഡി ബ്രിഡ്ജ് വാട്ടറാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. മറുപടിക്കത്തും ഷെയര്‍ ചെയ്തിട്ടുണ്ട്. തിരക്കുള്ള ഗൂഗിള്‍ സി.ഇ.ഒ മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് മകള്‍ക്കൊരു പ്രചോദനമാകുമെന്നും ആന്‍ഡി ബ്രിഡ്ജ് പറയുന്നു.