X

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ നായകനെ ഇന്നറിയാം

ന്യൂഡല്‍ഹി: പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആരു നയിക്കുമെന്ന് ഇന്നറിയാം. കഴിഞ്ഞ ഏഴുവര്‍ഷം കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ ടീം വിട്ടതോടെയാണ് ഈ സീസണില്‍ പുതിയ നായകനെ തേടേണ്ട അവസ്ഥ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ ഇന്ന് വൈകിട്ട് 10 മണിക്ക് നടക്കുന്ന പരിപാടിയിലാണ് കൊല്‍ക്കത്ത, തങ്ങളുടെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുക. ഇത് രണ്ടാം തവണയാണ് ടിവി പരിപാടിയിലൂടെ ഒരു ടീം തങ്ങളുടെ നായകനെ അനൗണ്‍സ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് സമാന രീതിയില്‍ തങ്ങളുടെ ക്യാപ്റ്റനായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സിമിത്തിനെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നായകനെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പക്കാണ് നറുക്ക് വീഴാന്‍ കൂടുതല്‍ സാധ്യത. കഴിഞ്ഞ നാലു വര്‍ഷമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ തിളങ്ങുന്ന താരം ഗംഭീറിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്ത ആരാധകരുടെ പിന്തുണയും ഉത്തപ്പയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം ക്രിസ് ലിന്നിനേയും, ദിനേഷ് കാര്‍ത്തിക്കിനേയും പോലുള്ള സീനിയര്‍ താരങ്ങളേയും നായകനായി പരിഗണിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഏതായാലും തങ്ങളുടെ പുതിയ നായകനെ ഇന്നറിയാം എന്ന ആവേശത്തിലാണ് ക്ലബ് ആരാധകര്‍.

അതേസമയം പുതിയ നായകന്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ നല്‍കരുതെന്ന താക്കീതുമായി മുന്‍ ഇന്ത്യന്‍ നായകനും കൊല്‍ക്കത്തയുടെ ആദ്യ നായകനുമായ സൗരവ് ഗാംഗുലി രംഗത്തെത്തി.ക്യാപ്റ്റനാകുന്നയാള്‍ക്ക് അല്പം സാവകാശം നല്‍കണമെന്നും, ഒറ്റയടിക്ക് സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ തോളില്‍ ചാരരുതെന്നും മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്ന സ്വാതന്ത്ര്യവും, പിന്തുണയുമാണ് ഏതൊരുതാരത്തേയും മികച്ച നായകനാക്കുന്നതെന്നും, സ്റ്റീവ് വോയേയും, സ്റ്റീഫന്‍ ഫ്‌ലെമിംഗിനെപ്പോലെയുമുള്ള ക്യാപ്റ്റന്മാര്‍ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഏഴു സീസണില്‍ ഗൗതം ഗംഭീറിന്റെ ക്യാപറ്റന്‍സിക്കു കീഴില്‍ കളിച്ച കൊല്‍ക്കത്ത രണ്ടു തവണ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടുണ്ട്.

chandrika: