കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ രണ്ട് തവണ കൊല്‍ക്കത്തയ്ക്ക് കിരീടം വാങ്ങികൊടുത്ത ഗൗതം ഗംഭീറിനെ ലേലത്തില്‍ നിലനിര്‍ത്താത്തതില്‍ വിശദീകരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരലേലത്തില്‍ തന്നെ വിളിക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായി നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ വെളിപ്പെടുത്തി. കൊല്‍ക്കത്ത ഗംഭീറിനെ കൈവിട്ടതിനെിരെ വിമര്‍ശനം ശക്തായ സാഹചര്യത്തിലാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വിശദീകരണവുമായി സിഇഒ രംഗത്തെത്തിയത്.
റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നതായി വെങ്കി മൈസൂര്‍ വെളിപ്പെടുത്തി. ‘ലേലത്തില്‍ താന്‍ ഗംഭീറിനെ ഉറപ്പായും വിളിച്ചേനെ, എന്നാല്‍ ലേലത്തിന് മുന്നേ തന്നെ വിളിക്കരുതെന്ന് ഗംഭീര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഗംഭീര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് എന്താണെന്ന് അറിയില്ല. ഗംഭീറിന്റെ ആഗ്രഹത്തിന് എതില്‍ നില്‍ക്കാന്‍ തോന്നിയില്ല, അതാണ് ലേലത്തില്‍ വിളിക്കാതിരുന്നത്’ വെങ്കി മൈസൂര്‍ പറഞ്ഞു.
താരലേലത്തില്‍ 2 കോടി 80 ലക്ഷം രൂപയ്ക്ക് ഗംഭീറിനെ സ്വന്തമാക്കിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ദില്ലി താരത്തെ നായകനാക്കുമെന്നും അറിയിച്ചിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍വിള്‍സിലൂടെ കളി തുടങ്ങിയ ഗംഭീര്‍ പിന്നീട് കൊല്‍ക്കത്തയിലേക്ക് മാറുകയായിരുന്നു. കൊല്‍ക്കത്തയെ രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കാനും ഗംഭീറിനായി.