X
    Categories: gulfNews

ഫിഫ ലോകകപ്പിന് മുന്നോടിയായി ബോളിവുഡ് സംഗീത നിശ നവംബര്‍ 4ന്; റാഹത്ത് ഫത്തേഹ് അലിഖാനും സുനീധീ ചൗഹാനും വിസ്മയം തീര്‍ക്കും

അശ്‌റഫ് തൂണേരി

  • പ്രവേശനം മാച്ച് ടിക്കറ്റുള്ള ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം

ദോഹ: ലോക കാല്‍പ്പന്തുകളിയുടെ ചരിത്ര ലിപികളില്‍ അപൂര്‍വ്വത സൃഷ്ടിക്കാനൊരുങ്ങുന്ന ഖത്തറില്‍ ഫിഫ ലോകകപ്പിന്റെ മുന്നോടിയായി ഖത്തര്‍ ടൂറിസവും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്.സി)യും ചേര്‍ന്ന് ബോളിവുഡ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. നവംബര്‍ 4 വൈകീട്ട് ഏഴിന് ലോകകപ്പ് ഫൈനല്‍ വിസില്‍ മുഴങ്ങാനിരിക്കുന്ന ലുസൈല്‍ ഐക്കണിക് സ്‌റ്റേഡിയമാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന സംഗീത നിശക്ക് വേദിയാവുക. ഖവ്വാലിയുടേയും ഹിന്ദുസ്ഥാനി സംഗീത രംഗത്തേയും കുലപതികളിലൊരാളായ റാഹത്ത് ഫത്തേഹ് അലിഖാന്‍, യുവതയുടെ ആവേശമായ ബോളിവുഡിലെ പ്രശസ്ത ഗായിക സുനീധീ ചൗഹാന്‍, കീബോര്‍ഡ്, ഹാര്‍മോണിയം,പിയാനോ,തബല എന്നിവയിലെല്ലാം വിസ്മയം തീര്‍ക്കുന്ന സംഗീത രചനയിലെ പ്രശസ്ത ഇരട്ടകള്‍ സാലിംസുലൈമാന്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് നാലിന് പ്രവേശന കവാടം തുറക്കും. 5;30ന് സിദ്ധാര്‍ത്ഥ് കശ്യപ് നേതൃത്വം നല്‍കുന്ന പെര്‍ഫെക്ട് അമല്‍ഗമേഷന്‍ ടീമിന്റെ ഫ്യൂഷന്‍ പ്രകടനം ആരംഭിക്കും. നവംബര്‍ 3 മുതല്‍ 5 വരെ നടക്കുന്ന ദര്‍ബ് ലുസൈല്‍ മേളയുടെ ഭാഗമാണീ സംഗീത നിശയെന്ന് സംഘാടകര്‍ അല്‍ബിദ ടവറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും :http://www.fifa.com/tickest

മാച്ച് ടിക്കറ്റുള്ള ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഫിഫയുടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരിപാടി. ഭക്ഷ്യവിഭവങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കില്ല. ത്രിദിന ദര്‍ബ് ലുസൈല്‍ മേളയും സംഗീത നിശയും ഫിഫ ലോകകപ്പിന്റെ ട്രയല്‍ പരിപാടി കൂടിയായി മാറുമെന്നും ലുസൈല്‍ സ്‌റ്റേഡിയം നിറയുന്ന (80,000) ആരാധകരേയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ 2022 മാര്‍ക്കറ്റിംഗ് റിലേഷന്‍സ് ഡയരക്ടര്‍ ഹസ്സന്‍ റബീഅ അല്‍ഖുവാരി പറഞ്ഞു. ഖത്തറിനായി പല നിലകളില്‍ സംഭാവന ചെയ്യുന്ന, ഒപ്പം നില്‍ക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സമര്‍പ്പണം കൂടിയാണിത്. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്. ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ടിക്കറ്റെടുത്തവരില്‍ ഖത്തറിലേയും യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേയും മറ്റ് നാടുകളിലേയും ഇന്ത്യക്കാരാണ് കൂടുതല്‍. ടൂര്‍ണ്ണമെന്റ് വിജയിപ്പിക്കാന്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം മുഖ്യമാണെന്നും അവര്‍ക്കുള്ള ആഘോഷപരിപാടിയാണ് ബോളിവുഡ് സംഗീത വിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

സംഗീത വിരുന്നിനെത്തുന്ന ആരാധകര്‍ 3 മണിക്കൂര്‍ മുമ്പെങ്കിലും സ്‌റ്റേഡിയത്തിലെത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ അതേ മാതൃകയില്‍ നടത്തുന്ന പരിപാടിയായിരിക്കുമെന്നും ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍തോള്‍ഡ് ട്രെന്‍കല്‍ പറഞ്ഞു. ദര്‍ബ് ലുസൈല്‍ മേളയുടെ ഭാഗമായി അറബ് ആരാധകര്‍ക്കായി കുവൈത്ത്, ലബനാന്‍, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Test User: