തിരുവനന്തപുരം: കെ.ടി ജലീല്‍ എം.എല്‍.എക്കെതിരെ മുന്‍ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ നടത്തിയ ആത്മഗതം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സഭാ മൈക്ക് ഓണ്‍ ആണെന്ന് ശ്രദ്ധിക്കാതെയായിരുന്നു ശൈലജയുടെ ആത്മഗതം. ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്നായിരുന്നു പരാമര്‍ശം.
ലോകായുക്ത ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെയായിരുന്നു നാടകീയമായ സംഭവം. ജലീല്‍ ഇടക്കു കയറി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ വഴങ്ങികൊണ്ടായിരുന്നു ഈ ആത്മഗതം. എന്നാല്‍ പരാമര്‍ശം വൈറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി കെ.കെ ശൈലജ രംഗത്തുവന്നു. ഫേസ്ബുക്കിലൂടെയാണ് ശൈലജ ഇതിനു വിശദീകരണം നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.