X

എലിപ്പനി: പ്രതിരോധമരുന്നുകള്‍ക്കെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ്ബ് വടക്കഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ പ്രതിരോധമരുന്നുകള്‍ക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയതായും മന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധത്തിനായി കഴിക്കാന്‍ നിര്‍ദ്ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡോക്‌സിസൈക്ലിനെതിരെയായിരുന്നു വടക്കാഞ്ചേരിയുടെ പ്രചരണം. ഡോക്‌സിസൈക്ലിന്റെ ഡോസുകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ചികിത്സാ പ്രോട്ടോക്കോളിലും നിര്‍ദ്ദേശമുണ്ട്.

ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടിക് മരുന്നാണ്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നാണ് ലോകാരോഗ്യസംഘടനയടക്കം നിര്‍ദ്ദേശിക്കുന്നത്. മറ്റു കെമിക്കലുകളും ഭക്ഷ്യവസ്തുക്കളുമായി ഡോക്‌സിസൈക്ലിന്‍ പ്രതിപ്രവര്‍ത്തനം നടത്തുകയും, ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ദൂഷ്യവശങ്ങള്‍ മരുന്നു കഴിക്കുന്നയാളെ രോഗിയാക്കി മാറ്റുമെന്നും വീഡിയോയില്‍ പറയുന്നു.

സര്‍ക്കാരുകളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രചരണ പരിപാടിയിലൂടെ ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്. പ്രതിരോധമരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ ആരും വിശദീകരിച്ചു നല്‍കുന്നില്ല. ആയുര്‍വേദ ചികിത്സയില്‍ എലിപ്പനിക്കുള്ള പ്രതിവിധികള്‍ എന്താണെന്ന് അന്വേഷിക്കൂവെന്നും വടക്കാഞ്ചേരി ആവശ്യപ്പെടുന്നുണ്ട്.

chandrika: