തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് നിപ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചെന്ന വിവരം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും ഇക്കാര്യം അറിയിച്ചിരുന്നു.
നിലവില്‍ രോഗിയുടെ സാംപിള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. രോഗിക്ക് പ്രാഥമിക പരിശോധനയില്‍ ‘നിപ’ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഡോക്ടര്‍മാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഐസൊലേഷന്‍ സംവിധാനം ഒരുക്കുകയും ചെയ്തതാണ്. ഇത് രോഗലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങളാണ്. പക്ഷേ, ഇതുവരെ വന്ന എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗിക്ക് നിപ ആവാന്‍ വിദൂരസാധ്യത മാത്രമാണ് കാണുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.