നിപ്പാ വൈറസ്: നിയന്ത്രണവിധേയം, ഭയക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: നിപ്പാ വൈറസ് നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വടകര ഭാഗത്ത് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ് പിന്നീട് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ പന്ത്രണ്ട് പേര്‍ക്ക് ഇപ്പോള്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ ഭയക്കേണ്ട ഒരു സ്ഥിതി വിശേഷം ഇപ്പോഴില്ല. വൈറസ് ബാധ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. വടകര മേഖലയില്‍ മാത്രമാണ് വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വവ്വാലില്‍ നിന്ന് വൈറസ് ബാധയെന്നാണ് പ്രാഥമിക നിഗമനം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളെ കുറിച്ച് വനം വകുപ്പുമായി ചേര്‍ന്ന് പരിശോധന നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ രണ്ടു പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞിട്ടില്ല. പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നാണ് നിര്‍ദ്ദേശിച്ചത്. നിപ്പാ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച്ച കോഴിക്കോട് സര്‍വകക്ഷിയോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

chandrika:
whatsapp
line