കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍ 30 വരെ ജാഗ്രത തുടരുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.
21 ദിവസമാണ് നിരീക്ഷണ കാലാവധി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇത് 42 ദിവസമാക്കി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും മന്ത്രി വപറഞ്ഞു. മൂവായിരത്തോളം ആളുകളാണ് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ ആദ്യം രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വ്യക്തിയുമായി കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ അവസാനം രോഗം റിപ്പോര്‍ട്ടു ചെയ്ത വ്യക്തിയുമായി കോണ്‍ടാക്ടിലുണ്ടായിരുന്നവര്‍ മാത്രമാണ് നിരീക്ഷണ പട്ടികയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നിപാ വൈറസ് നെഗറ്റീവ് ആയ നഴ്‌സിങ്ങ് വിദ്യാര്‍ഥി അജന്യ തിങ്കളാഴ്ചയും മലപ്പുറം സ്വദേശി ഉബീഷ് വ്യാഴാഴ്ച്ചയും ആസ്പത്രി വിടും. ഇവരെ ഇന്ന് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്‍ദേശങ്ങളില്‍ അയവ് വരുത്തും. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 മുതല്‍ പ്രവര്‍ത്തിക്കും. നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകണം.
കോഴിക്കോട് പുതിയ വൈറോളജി ലാബ് സ്ഥാപിക്കാനും തിരുവനന്തപുരത്തേയും ആലപ്പുഴയിലേയും ലാബുകള്‍ മെച്ചപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.