ന്യൂഡല്‍ഹി: കോംഗോ പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് ഒരാള്‍ക്ക് കോംഗോപനി സംശയിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. രോഗി എത്തിയത് കന്യാകുമാരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ്. രോഗി തൃശൂര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലാണ്. മറ്റുള്ളവരിലേക്ക് പടരില്ല എന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
യു.എ.ഇയില്‍നിന്നെത്തിയ ഒരാള്‍ക്കാണ് കോംഗോ പനി ബാധിച്ചതായി സംശയിക്കുന്നത്. മലപ്പുറം സ്വദേശിയായ ഇയാള്‍ തൃശ്ശൂരിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി അയച്ചിരിക്കുകയാണെന്നും അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കോംഗോ പനിയാണോയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറായ ഡോ.സക്കീന പറഞ്ഞു.
ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ (സി.സി.എച്ച്.എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി.എച്ച്.എഫ് എന്നാണ് രോഗകാരണമായ വൈറസ് അറിയപ്പെടുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. വായുവിലൂടെ ഈ രോഗം പകരില്ല. രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.