X

നിലമ്പൂര്‍ ഏറ്റുമുട്ടല്‍; സംഭവം സംശയാസ്പദമെന്ന് കെകെ രമ

കോഴിക്കോട്: നിലമ്പൂരില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. ഇത്തരം ഏറ്റുമുട്ടലുകളുടെ വിശ്വാസ്യത ഒട്ടേറെ മുന്‍ അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുന്നില്‍ തീര്‍ച്ചയായും സംശയാസ്പദമാണെന്നും കെകെ രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കെകെ രമയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരണം മാത്രം മതിയാവില്ലെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രമ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നിലമ്പൂര്‍ വനമേഖലയില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണ്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് പോലീസ് അവകാശപ്പെട്ടിരിക്കുന്നത്. ഇത്തരം ‘ഏറ്റുമുട്ടല്‍ വധ’ങ്ങളുടെ വിശ്വാസ്യത, ഒട്ടേറെ മുന്‍അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുന്നില്‍ തീര്‍ച്ചയായും സംശയാസ്പദമാണ്.

കുറ്റകൃത്യമേതായാലും നിബിഡവനങ്ങള്‍ക്കകത്ത് തോക്കിന്‍കുഴലുകള്‍ കൊണ്ട് ഭരണകൂടം നേരിട്ട് വിധിയും വിചാരണയും നിര്‍വ്വഹിക്കുന്നത് ഒരു കാരണവശാലും ജനാധിപത്യ വ്യവസ്ഥയില്‍ ആശാസ്യമേയല്ല. ഈ നാടിന്റെ ജനാധിപത്യ മനുഷ്യാവകാശ മനഃസാക്ഷി ഇത്തരം കൊലകളെ കുറിച്ചുള്ള ഭരണകൂടഭാഷ്യങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുമെന്നത് തീര്‍ച്ചയായും വ്യാമോഹമാണ്.
സായുധവാഴ്ചയെ ജനാധിപത്യത്തിന് പകരം നിര്‍ത്താനുള്ള ഏത് പരിശ്രമത്തെയും ചെറുത്തേ തീരൂ. മാവോയിസ്റ്റ് മുദ്ര ചാര്‍ത്തിയാല്‍ പിന്നെ ഒരാളെ എവിടെ വെച്ചും എങ്ങിനെയും കൊന്നുകളയാമെന്ന ഭരണകൂടധാര്‍ഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല.
നിലമ്പൂരിലെ കൊടുംകാടിനകത്ത് നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് കൊലപാതകത്തില്‍ കക്ഷിയായ പോലീസ് തന്നെ വിശദീകരിച്ചാല്‍ പോരാ. തീര്‍ച്ചയായും അതുസംബന്ധിച്ച വസ്തുതകള്‍ ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ വെളിപ്പെടുക തന്നെ വേണം.
എതിര്‍ശബ്ദങ്ങളോടുള്ള ഭരണകൂടത്തിന്റെ സായുധധാര്‍ഷ്ട്യങ്ങളെ ചെറുക്കാന്‍ ജനാധിപത്യ മനുഷ്യാവകാശവാദികളാകെ ഒരുമിച്ച് നില്‍ക്കണം

chandrika: