പേരാമ്പ്ര: തല വെട്ടലല്ല തലയെണ്ണലാണ് ജനാധിപത്യ രീതിയെന്ന് ആര്‍.എം.പി.ഐ കേന്ദ്ര കമ്മറ്റി അംഗം കെ.കെ രമ. കോണ്‍ഗ്രസ് സേവാദളിന് കീഴിലുള്ള ഭാരതീയ ന്യായ സേവ സംഘതന്‍ (ബി.എന്‍.എസ്.എസ്) പേരാമ്പ്രയില്‍ സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു രമ. ആര്‍.എം.പി, യു.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കിയതിനെ സി.പി.എം വിമര്‍ശിക്കുന്നത് അപഹാസ്യമാണ്. സി.പി.എം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെയും ലീഗിനെയും വാരിപ്പുണരുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകും. കൊലക്കേസ് പ്രതിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന ധാര്‍ഷ്ട്യത്തെ വടകരയുടെ മണ്ണില്‍ വെച്ചു പൊറുപ്പിക്കില്ല. ഏതു രാഷ്ട്രീയത്തിന്റെ പേരിലാണ് ഇവര്‍ മനുഷ്യരെ വെട്ടിനുറുക്കുന്നതെന്നും രമ ചോദിച്ചു. സേവാദള്‍ ദേശീയ ചെയര്‍മാന്‍ ലാല്‍ജി ദേശായി ഉദ്ഘാടനം ചെയ്തു. പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യന്‍, കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, എടയന്നൂര്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എന്നിര്‍ തങ്ങളുടെ മക്കളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ സി.പി.എമ്മിനെ പരാജയപ്പെടുത്തണമെന്ന് ഇവര്‍ പറഞ്ഞു. ബി.എന്‍.എസ്.എസ് സംസ്ഥാന കണ്‍വീനര്‍ അഡ്വ.ബ്ലെയ്‌സ് കെ. ജോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍, ദേശീയ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. രാജി ജോസഫ്, എം. രാജന്‍, കെ.കെ ശ്രീജയന്‍, ശ്രീപ്രകാശ്, ഫര്‍സിന്‍ മജീദ്, എസ്.കെ അസ്സയിനാര്‍, പി.ജെ തോമസ്, രാജന്‍ മരുതേരി, ടി.കെ ഇബ്രാഹിം, പുതുക്കുടി അബ്ദുറഹിമാന്‍, സത്യന്‍ കടിയങ്ങാട്, പി.കെ രാഗേഷ്, പി.പി രാമകൃഷ്ണന്‍, ബാബു തത്തക്കാടന്‍, ഇ.പി മുഹമ്മദ്, വി.ടി സൂരജ്, അര്‍ജുന്‍ കറ്റയാട്ട് സംസാരിച്ചു.
- 6 years ago
web desk 1