X

കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകക്കേസ് വഴിത്തിരിവില്‍; തുടരന്വേഷണം, വിചാരണ നിര്‍ത്തി വെച്ചു

കൊണ്ടോട്ടി: കിഴിശ്ശേരിയിൽ ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി (36) ആൾക്കൂട്ട മർദനത്തെത്തുടർന്നു മരിച്ച സംഭവത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് അഡീഷണൽ ജില്ലാ സെഷൻസ്-III കോടതി ടി.ജെ വർഗീസ് മുമ്പാകെ നടന്നു വന്നിരുന്ന വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.

കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് കൂടുതൽ വെളിവാകുന്ന തരത്തിൽ കൂടുതൽ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഇലക്‌ട്രോണിക് തെളിവുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ നൽകിയ തുടരന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

കേസിലെ ഏഴ് പ്രതികൾക്കും കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് പോലീസ് നിർണായക റിപ്പോർട്ട് കോടതിയിൽ നൽകിയത്. ഇതോടെ കിഴിശ്ശേരി ആൾകൂട്ട കൊലക്കേസ് നിർണായകമായ വഴിത്തിരിവിലെത്തി നിൽക്കുകയാണ്.

2023 മെയ് 13 നാണ് അതിഥിത്തൊഴിലാളിയായ രാജേഷ് മാഞ്ചി ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ചാണ് ഇയാളെ നാട്ടുകാർ പിടികൂടി മർദിച്ചത്. ക്രൂരമർദനത്തിന് ശേഷം ഇയാൾ അവശനായതോടെ നാട്ടുകാർ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ പോലീസെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

webdesk14: