X

സംസ്ഥാനത്ത് അടുക്കള ലോക്ഡൗണ്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സംസ്ഥാന ബജറ്റുകളില്‍ തുടര്‍ച്ചയായും ‘അഞ്ചുവര്‍ഷം വിലക്കയറ്റമില്ല’ എന്നു പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ കേരളം നട്ടംതിരിയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു അഞ്ചുവര്‍ഷം വില കൂടില്ല എന്നത്. 2019ലെ സംസ്ഥാന ബജറ്റില്‍ ഇത് ആവര്‍ത്തിച്ചു. എന്നാല്‍ വിവാദങ്ങളുടെ കുത്തൊഴുക്കില്‍ ജനത്തെ മറക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാവുകയാണ് ഇപ്പോഴത്തെ വിലനിലവാരം. വിലക്കയറ്റത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

സംസ്ഥാന ചരിത്രത്തിലാദ്യമായി എല്ലാ സാധനങ്ങള്‍ക്കും വില കൂടിയതോടെ സര്‍ക്കാരിനെതിരായ ജനവികാരവും ശക്തമായി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ അധികാരത്തിലെത്തുന്നിത് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ലെങ്കിലും സാധാരണക്കാരന്റെ അടുക്കള ബജറ്റ് ഇത്രത്തോളം താളം തെറ്റുന്ന സ്ഥിതി മുന്‍പുണ്ടായിട്ടില്ല.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതൊന്നുമറിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഭക്ഷ്യവകുപ്പും മന്ത്രി ജി.ആര്‍ അനിലും ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി മുന്നോട്ടുപോകുന്നു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഉണ്ടാകുന്നില്ല. പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച വലിയ തോതിലുള്ള വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

സംസ്ഥാനം നേരിടുന്ന വിലക്കയറ്റത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ് കേരളം. ജി.എസ്.ടി സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ ആര്‍ജ്ജവത്തോടെ വാദിച്ചത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. ജി.എസ്.ടി കേരളത്തിന്റെ ഭാവിക്ക് ഗുണകരമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ ഇന്ന് കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.

സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളില്‍ സബ്‌സിഡി നിരക്കില്‍ അരിവിതരണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അരിവണ്ടി എത്തും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വരും ദിവസങ്ങളില്‍ വിതരണം നടക്കും. അരി വാങ്ങുന്നതിന് റേഷന്‍ കാര്‍ഡ് ഹാജരാക്കണമെന്ന് മന്ത്രി അറിയിച്ചു. ഒരു ജില്ലയില്‍ ഒരു താലൂക്കിലെ പ്രധാന കേന്ദ്രങ്ങളില്‍ രണ്ട് ദിവസങ്ങളിലായി അരിവതരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Test User: