മൂനീര്‍ കപ്പാട്
പെട്രോളിനും ഡീസലിനും പാചകവാതക സിലിണ്ടറിനും പിന്നാലെ സംസ്ഥാനത്ത് അരിക്കും പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് വില വര്‍ധിച്ചത് ജനജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കി. തക്കാളി ഒരു കിലോയ്ക്ക് ചില്ലറ വിപണിയില്‍ 120 രൂപയ്ക്ക് മുകളിലാണ് വില. മൊത്ത വ്യാപാര വിപണിയില്‍ 90 രൂപയും. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിലക്കയറ്റം. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്.
സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ക്കാണ് വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ചെറുപയറിന് 30 രൂപയാണ് കൂട്ടിയിരിക്കുന്നത്. കുറുവ അരിക്ക് ഏഴ് രൂപയും കൂട്ടിയിട്ടുണ്ട്. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില ഉയരുന്നത്. ചെറുപയര്‍ പരിപ്പിന് 105 രൂപയായിരുന്നത് 116 ആക്കി വര്‍ധിപ്പിച്ചു. മുളകിന് 22 രൂപയാണ് കൂട്ടിയിരിക്കുന്നത്. പരിപ്പിന് ആറ് രൂപ കൂട്ടിയതോടെ കിലോയ്ക്ക് 82 രൂപയായി വില. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 110 രൂപയും ഉഴുന്നിന് 104 രൂപയുമാണ് ഇന്നത്തെ വില. കടുക്, ജീരകം, മട്ട അരി, പഞ്ചസാര എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.
പച്ചക്കറി വില അടുക്കളയുടെ താളം തെറ്റിച്ച് നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ ആറ് രൂപയുടെ വര്‍ദ്ധനവാണ് ഒരു കിലോ അരിയില്‍ ഉണ്ടായിരിക്കുന്നത്. പെട്ടെന്നാണ് വില വര്‍ദ്ധിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി നാശവും കേരളത്തിലെ അരി വില ഉയരാന്‍ കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള മട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്. പച്ചക്കറികളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ചു. വെണ്ടയ്ക്കയ്ക്കും ബീന്‍സിനും കിലോയ്ക്ക് നൂറ് രൂപയ്ക്ക് അടുത്തെത്തിയതായാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെയാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്.
ഉളളിയുടെ വിലയും കൂടിയതിനാല്‍ ഇറച്ചി വിഭവങ്ങള്‍ക്കും ചെലവ് കൂടും. മണ്ഡലകാലമായതിനാല്‍ പല വീടുകളിലും സസ്യാഹാരമാണ് കൂടുതലും. പക്ഷെ പുറത്തുനിന്ന് പച്ചക്കറി വാങ്ങി പാചകം ചെയ്യാന്‍ വില സമ്മതിക്കില്ല എന്ന സാഹചര്യമാണ്. വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് വ്യാപരികള്‍ പറയുന്നു. ഇന്ധനവിലയില്‍ ഇടപെടാനോ പച്ചക്കറി വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുകയാണ്. പച്ചക്കറികള്‍ ലഭിച്ചാല്‍ തന്നെ പൊളളുന്ന വിലയില്‍ ആരും വാങ്ങുന്നില്ല. എടുത്തുവെക്കുന്നവ ചീത്തയാകുന്നു. പച്ചക്കറികള്‍ക്ക് ഏകദേശം എല്ലാത്തിനും നൂറ് രൂപ കൂടുതല്‍ ആയിക്കഴിഞ്ഞു. ഒരു കിലോ പയര്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്. ഹോട്ടലുകള്‍ക്കും വീടുകള്‍ക്കും വൃശ്ചികം പൊതുവേ വെജിറ്റേറിയന്‍ സീസണാണ്.
കോവിഡ് കഴിഞ്ഞ് ഹോട്ടലുകള്‍ തുറന്നശേഷം കച്ചവടം ഉഷാറാകുന്ന കാലത്താണ് പച്ചക്കറിയുടെ വിലവര്‍ധന. പാചകവാതകം, വിറക്, ഡീസല്‍ എന്നിവയുടെ വില വര്‍ധനയ്‌ക്കൊപ്പം പച്ചക്കറിയും ചതിച്ചു. കല്യാണ സീസണ്‍ കണക്കാക്കി നേരത്തെ ബുക്കിങ് സ്വീകരിച്ച കേറ്ററേഴ്‌സിനെയും വിലവര്‍ധന ദോഷമായി ബാധിച്ചു.