അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ മസ്ജിദുല്‍ ഹറം ഇമാം ശൈഖ് ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ബാല്യ ഖുതുബക്ക് നേതൃത്വം നല്‍കും. സഊദി ശൂറായിലെ മുതിര്‍ന്ന പണ്ഡിതന്‍ കൂടിയാണ് ഡോ. ബന്ദര്‍. ജൂലൈ 19 തിങ്കളാഴ്ചയാണ് അറഫാ ദിനം.
അറഫാദിനത്തിലാണ് പുണ്യ ഗേഹമായ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ് നടക്കുക. ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസിന്റെ മേല്‍നോട്ടത്തില്‍ കിസ്‌വ മാറ്റത്തിനു ഇരുനൂറിലധികം സാങ്കേതിക വിദഗ്ധരാണ് നേതൃത്വം നല്‍കുന്നത്.
ഹജ്ജിന് അനുമതി നല്‍കിയ തീര്‍ത്ഥാടകരുടെ കൃത്യമായ എണ്ണം ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തിയാല്‍ മാത്രമേ വെളിപ്പെടുത്താനാകൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറുപതിനായിരം പേര്‍ക്കാണ് അനുമതി നല്കുകയെന്നായിരുന്നു നേരത്തെ മന്ത്രാലയം സൂചിപ്പിച്ചിരുന്നത് .
നൂറ്റമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവരും ഇപ്പോള്‍ സഊദിയിലുള്ളവരുമായവര്‍ക്കാണ് ഇത്തവണ അവസരം നല്‍കിയത്.
അത്യുഷ്ണത്തിലാകും ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മം നടക്കുക. 45 ഡിഗ്രി വരെ താപനിലയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ശക്തമായ പൊടിക്കാറ്റിനും ചിലപ്പോള്‍ മഴക്കും സാധ്യതയുള്ളതായി മിനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സിഇഒ ഡോ. ??അയ്മാന്‍ ബിന്‍ സലിം ഗുലാം പറഞ്ഞു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ അറുപതിനായിരം പേര്‍ക്ക് സുരക്ഷിതമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി അദ്ദേഹം അറിയിച്ചു. മുപ്പത് ലക്ഷത്തില്‍ പരം ഹാജിമാര്‍ മിനായില്‍ സംഗമിച്ച സാഹചര്യത്തിലും സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചത് ഹജ്ജ് ചരിത്രത്തിലെ സുവര്‍ണ്ണ കാലമാണ്.
അനധികൃതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഒമ്പത് പേരെ സുരക്ഷാ സേന പിടികൂടി. നിയമാനുസൃതമുള്ള രേഖകള്‍ ഇല്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയവരാണ് ഇവരെന്നും ഓരോരുത്തരും പതിനായിരം റിയാല്‍ പിഴ അടക്കേണ്ടി വരുമെന്നും സുരക്ഷാ വിഭാഗം ഔദ്യോഗിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി അല്‍ ഷുവൈറഖ് പറഞ്ഞു. തസ്‌രീഹ് ഇല്ലാതെ വിശുദ്ധ ഹറം, മക്കയിലെ സെന്‍ട്രല്‍ ഹറം ഏരിയ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കും മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു . അനുമതി പത്രമില്ലാതെ ഹജ്ജിനായി തീര്‍ഥാടകരെ മക്കയിലെത്തിക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ ആറ് മാസത്തെ തടവും അമ്പതിനായിരം റിയാല്‍ പിഴയുമാണ് ശിക്ഷ. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നാടുകടത്തുകയും ചെയ്യും.
ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് എന്തെങ്കിലും കാരണങ്ങള്‍ മൂലം ക്യാന്‍സല്‍ ചെയ്യാനോ പകരം ആളുകളുടെ രജിസ്റ്റര്‍ ചെയ്യാനോ സാധിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രോഗമോ മറ്റു കാരണങ്ങളാലോ ക്യാന്‍സല്‍ ചെയ്യേണ്ട സാഹചര്യത്തില്‍ ഹജ്ജ് ചെലവുകള്‍ക്കായി അടച്ച തുക റീഫണ്ട് ചെയ്യാന്‍ അപേക്ഷിക്കാവുന്നതാണെന്നും മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
പുണ്യഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായതായി സഊദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. അപകടങ്ങളുണ്ടാകുന്ന സാഹചര്യം നേരിടാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എയര്‍ ആംബുലന്‍സുകള്‍ അടക്കം എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് റെഡ് ക്രെസെന്റ് സൊസൈറ്റി അധികൃതര്‍ അറിയിച്ചു .