വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജിവെക്കില്ലെന്ന് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ്. വനിതാ താരത്തോടുള്ള പെരുമാറ്റത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട റൂബിയാലെസ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത ഫെഡറേഷന്റെ ജനറല്‍ അസംബ്ലിയില്‍ താന്‍ രാജിവെയ്ക്കില്ലെന്ന് റൂബിയാലെസ് പ്രഖ്യാപിക്കുകയായിരുന്നു.
താന്‍ രാജിവെയ്ക്കില്ലെന്ന് ജനറല്‍ അസംബ്ലിയില്‍ നാല് തവണയാണ് റൂബിയാലെസ് പറഞ്ഞത്. വ്യാജ ഫെമിനിസ്റ്റുകളുടെ വേട്ടയാടലിന്റെ ഇരയാണ് താനെന്നും അദ്ദേഹം പറഞ്ഞു. വിവാദ സംഭവത്തില്‍ ഫിഫയുടെ അച്ചടക്ക സമിതി റൂബിയാലെസിനെതിരേ അച്ചടക്ക ലംഘനത്തിന് നടപടികളാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ റൂബിയാലെസ് സ്ഥാനമൊഴിയാന്‍ ഒരുങ്ങുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പകരം ജെന്നിഫര്‍ ഹെര്‍മോസോയെ ചുംബിച്ചത് പരസ്പര സമ്മതത്തോടെയാണെന്നും റൂബിയാലെസ് പറഞ്ഞു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് നല്‍കുന്ന തരത്തിലായിരുന്നു ആ ചുംബനമെന്നും റൂബിയാലെസ് കൂട്ടിച്ചേര്‍ത്തു.
വനിതാ ലോകകപ്പില്‍ സ്‌പെയ്ന്‍ കിരീടമുയര്‍ത്തിയതിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങില്‍വെച്ചായിരുന്നു റൂബിയാലെസ് സ്പാനിഷ് താരത്തെ കെട്ടിപ്പിടിക്കുകയും ചുണ്ടില്‍ ചുംബിക്കുകയും ചെയ്തത്. മറ്റുതാരങ്ങളെ കവിളില്‍ ചുംബിക്കുകയും ചെയ്തിരുന്നു. റൂബിയാലെസിന്റെ പെരുമാറ്റം ഇഷ്ടമായില്ലെന്ന് ഹെര്‍മോസോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതോടെ സംഭവം വിവാദമായി. ഇതോടെ ഹെര്‍മോസോ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
പ്രസിഡന്റിന്റെ പ്രവൃത്തിയോടുള്ള നീരസം പ്രകടമാക്കിയെങ്കിലും റൂബിയാലെസിന് താനുള്‍പ്പെടെയുള്ള വനിതാ താരങ്ങളുമായി നല്ല ബന്ധമാണുള്ളതെന്നും ആ നീക്കം അപ്രതീക്ഷിതമായിരുന്നെങ്കിലും അത് വിജയനിമിഷത്തില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ജെന്നിഫര്‍ ഹെര്‍മോസോ വ്യക്തമാക്കി. എങ്കിലും മാധ്യമങ്ങളടക്കം റൂബിയാലെസിനെതിരേ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടു. പിന്നാലെ താരത്തോട് റൂബിയാലെസ് ക്ഷമ ചോദിച്ചിരുന്നു.
സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ നടപടി രാജ്യത്തിനകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. സ്‌പെയ്‌നിലെ വനിതാ ഫുട്‌ബോള്‍ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ അനുദിനം അനുഭവിക്കുന്ന ലൈംഗിക അതിക്രമത്തിന്റെ ഉദാഹരണമാണിതെന്ന് സ്‌പെയിനിലെ മന്ത്രി ഐറിന്‍ മൊണ്ടെറോ പ്രതികരിച്ചു. റൂബിയാലെസിന്റെ പ്രവൃത്തി സ്‌പെയിനിന്റെ കിരീടനേട്ടത്തിന്റെ ശോഭ കെടുത്തിയെന്നും വിമര്‍ശനമുയര്‍ന്നു.