അമേഠിയില്‍ കെ.എല്‍. ശര്‍മ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കെ.എല്‍. ശര്‍മ്മ അമേഠിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം അദേഹത്തിനുണ്ട്. അമേഠിയിലെ എല്ലാ മേഖലകളെക്കുറിച്ചും അറിയുന്ന വ്യക്തിയാണ് ശര്‍മ്മയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വം തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന്കിഷോരി ലാല്‍ ശര്‍മ്മയും പ്രതികരിച്ചു. രാജീവ് ഗാന്ധിക്കൊപ്പം പ്രവര്‍ത്തനം ആരംഭിച്ച താന്‍ അമേഠിയില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.
സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ അമേഠിയില്‍ വിജയിക്കുമെന്നും എതിരാളികളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.