ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുടുംബത്തിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കിര്‍ണ്‍ കുമാര്‍ റെഡ്ഢി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വളരുകയാണ്. രാജ്യത്തിന്റയും ജനങ്ങളുടെയും ക്ഷേമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2011 ജൂണ്‍ മുതല്‍ ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി സംസ്ഥാനം വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് 2014 മാര്‍ച്ചിലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് ജയ് സമൈക്യാന്ധ്ര എന്ന പാര്‍ട്ടിയും സ്ഥാപിച്ച്് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി സ്ഥാനമേറ്റതോടെ റെഡ്ഢി അടക്കമുള്ള നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ റെഡ്ഢിയുടെ മടങ്ങിവരവ് ആന്ധ്രയില്‍ കോണ്‍ഗ്രസിന് ഊര്‍ജം പകരും.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുന്‍കാല പ്രതാപം തിരിച്ചുപിടിക്കാനുള്ള ചുവടുവയ്പാണ് കിരണ്‍ റെഡ്ഡിയുടെ വരവെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. കിരണ്‍ റെഡ്ഡി തിരിച്ചെത്തിയത് ആന്ധ്രയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.