X

കിരണ്‍ ബേദിയും എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വഴക്ക്; വീഡിയോ വൈറല്‍

ചെന്നൈ: പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും എ.ഐ.എ.ഡി.എം.കെ എം.എല്‍.എയും തമ്മില്‍ പൊതുവേദിയില്‍ വാക്കേറ്റം. ഗവര്‍ണര്‍ കിരണ്‍ ബേദിയും എം.എല്‍.എ അന്‍ബലഗനും തമ്മില്‍ ഒരു പൊതുപരിപാടിക്കിടെയാണ് വഴക്കുണ്ടായത്. എം.എല്‍.എയുടെ പ്രസംഗം ഗവര്‍ണര്‍ തടഞ്ഞതാണ് വഴക്കിന് കാരണമായത്.

ഇവര്‍ തമ്മില്‍ വഴക്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്. സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു സംഭവം.
എം.എല്‍.എ സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്തതാണ് വഴക്കിന് കാരണമായത്. പ്രസംഗം അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും എം.എല്‍.എ അത് അവഗണിച്ചപ്പോഴാണ് മൈക്ക് ഓഫ് ചെയ്തതെന്നാണ് കിരണ്‍ ബേദി പറയുന്നത്. വഴക്കിനിടയില്‍ കിരണ്‍ ബേദി എം.എല്‍.എയോട് വേദി വിട്ട് പോകാനും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കിരണ്‍ ബേദിക്കെതിരെ എം.എല്‍.എ രംഗത്തെത്തി. കിരണ്‍ ബേദി തന്നെ അപമാനിച്ചതായി പറഞ്ഞ എം.എല്‍.എ
ലെഫ്റ്റനന്റ് ഗവര്‍ണര്‍ പുതുച്ചേരിയിലെ രാജകുമാരിയായി ചമയുകയാണോയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരതിനെ കുറിച്ചായിരുന്നു എം.എല്‍.എ അന്‍ബലഗന്‍ സംസാരിച്ചരുന്നത്. എന്നാല്‍
പിന്നീട് പദ്ധതി നടപ്പാക്കിയതിലെ കുറവുകളും കുറ്റങ്ങളും എം.എല്‍.എ പറഞ്ഞു തുടങ്ങുകയായിരുന്നു. ഇതോടെയാണ് മുന്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയായ കിരണ്‍ ബേദിയില്‍ നിന്നും പ്രസംഗം നിര്‍ത്തിക്കുന്നതടക്കുമുള്ള നീക്കങ്ങളുണ്ടായത്.

എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം എം.എല്‍.എ പ്രാസംഗികരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും കിരണ്‍ ബേദി പറയുന്നു. ചടങ്ങിന്റെ അധ്യക്ഷ എന്നതിനാല്‍ എം.എല്‍.എയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ടും പ്രസംഗം തുടര്‍ന്നപ്പോഴാണ് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ബേദി പറയുന്നു. വാക്കേറ്റത്തിനുശേഷം എം.എല്‍.എ വേദി വിട്ടിരുന്നു.

chandrika: