X

ബന്ധുനിയമന വിവാദം;തൊഴില്‍ പീഡന പരാതിയില്‍ നടപടി വേണം: പ്രതിപക്ഷ നേതാവ്



കോഴിക്കോട്: കെ.ടി.ജലീലിന്റെ ബന്ധു നിയമനത്തില്‍ ബലിയാടായ സഹീര്‍ കാലടിക്ക് നേരിടേണ്ടി വന്ന തൊഴില്‍ പീഡനം സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ടും മേല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ആറ് തവണ മുഖ്യമന്ത്രി,വ്യവസായ വകുപ്പ് മന്ത്രി, മറ്റു അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും പരാതികാരനെ ഒരിക്കല്‍ പോലും കേള്‍ക്കാതെയും വ്യക്തമായ അന്വേഷണം നടത്താതെയും ആരോപണ വിധേയനായ മാല്‍കോ ടെക്‌സ് എം.ഡിയുടെ മറുപടി അതേ പടി പകര്‍ത്തുകയായിരുന്നു വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ കെ.ടി ജലീല്‍ ബന്ധുവിന് നിയമനം നല്‍കിയതോടെ അവസരം നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥിയാണ് സഹീര്‍ കാലടി. മതിയായ യോഗ്യതയുണ്ടായിട്ടും കുറ്റിപ്പുറം മാല്‍കോ ടെക്‌സില്‍ ഫിനാന്‍സ് മാനേജര്‍ തസ്തികയില്‍ പരിചയ സമ്പത്തുണ്ടായിരുന്നിട്ടും സഹീറിനെ തഴഞ്ഞാണ് കെ.ടി ജലീല്‍ ബന്ധുവിന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിയമനം നല്‍കിയത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്തു വന്നതോടെ സഹീറിന് മാതൃസ്ഥാപനമായ കുറ്റിപ്പുറം മാല്‍കോ ടെക്‌സില്‍ നിന്നും നിരന്തരമായ പീഡനം ഏല്‍ക്കേണ്ടി വന്നു. സ്ഥാപനത്തില്‍ നടന്നു വന്നിരുന്ന അഴിമതി സഹീര്‍ എതിര്‍ത്തതിലുള്ള വിരോധം കാരണം സര്‍ക്കാര്‍ ഒത്താശയില്‍ എം.ഡി നടത്തിയ പീഡനം അസഹ്യമായതോടെ സഹീര്‍ 2019 ല്‍ ജൂലൈ ഒന്നിന് 20 വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെ രാജിവെച്ചിരുന്നു. രാജിവെച്ചിട്ടും അനൂകൂല്യങ്ങള്‍ നല്‍കാതെ പീഡനം തുടര്‍ന്നതോടെയാണ് സഹീര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി എന്നിവര്‍ക്കടക്കം പരാതി നല്‍കിയത്. എന്നാല്‍ ഏഴ് തവണ നല്‍കിയ പരാതിയിലും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അന്വേഷണത്തിന് കൈമാറുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്.

ഈ പരാതികളില്‍ പരാതിക്കാരന്റെ മൊഴിയെടുക്കാതെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ മറുപടി മാത്രം രേഖപ്പെടുത്തി സഹീറിന്റെ പരാതികളെല്ലാം തള്ളുകയാണ് വ്യവസായ വകുപ്പ് ചെയ്തത്. തൊഴില്‍ പീഡനം സംബന്ധിച്ച് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് സഹീര്‍ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കിയത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.

Test User: