അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: വിടവാങ്ങിയത് അറബ്‌ലോകത്തെ സമാധാന ദൂതനെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് .പ്രതിസന്ധികള്‍ ഉരുണ്ടു കൂടുമ്പോള്‍ അവിടെ പറന്നിറങ്ങാനുള്ള കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹിന്റെ മികവും മിടുക്കും പശ്ചിമേഷ്യക്ക് മാത്രമല്ല ഇസ്ലാമിക ലോകത്തിനും മനുഷ്യരാശിക്കും നല്‍കിയ സുരക്ഷിതത്വം പറഞ്ഞറിയിക്കാനാവില്ലെന്ന് രാജാവ് അനുശോചനത്തില്‍ പറഞ്ഞു. കുവൈത്തിന്റെ മാത്രമല്ല അറബ്‌ലോകത്തിനും ഇസ്ലാമിക രാജ്യങ്ങള്‍ക്കും ഈ വിടവ് താങ്ങാനാവില്ലെന്നും രാജാവ് പറഞ്ഞു.
കുവൈത്തിന്റെ നേട്ടങ്ങളുടെയും പുരോഗതിയുടെയും ശില്പിയായിരുന്ന ശൈഖ് സബാഹിന്റെ വിയോഗത്തില്‍ അല്‍ സബാഹ് കുടുംബത്തിന്റെയും കുവൈത്ത് ജനതയുടെ ദുഃഖത്തില്‍ സഊദിയും പങ്ക് ചേരുന്നതായി രാജാവിന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു . സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ശൈഖ് സബാഹിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
അഞ്ചര പതിറ്റാണ്ടിന്റെ പരിചയസമ്പത്തിലൂടെ നടത്തിയ ഇടപെടലുകള്‍ അറബ് ലോകത്തിനുണ്ടാക്കിയ സ്ഥിരതയും സുരക്ഷിതത്വവും സമാധാനവും സന്തോഷവും സംതൃപ്തിയും നേട്ടങ്ങളും നേതൃ മഹിമയും അവര്‍ണ്ണനീയമാണ്. സഊദിയുടെ ഉറ്റതോഴനും ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആത്മമിത്രവുമായിരുന്നു വിടപറഞ്ഞ ശൈഖ് സബാഹ്. സമാധാന ശ്രമങ്ങളില്‍ കൈകോര്‍ക്കുന്ന ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ അറബ് മേഖലയിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതില്‍ ഒറ്റകെട്ടായി നിലകൊണ്ടിരുന്നു.
കുവൈത്തിന്റെ മാത്രം സമൃദ്ധിയിലും സമാധാനത്തിലുമായിരുന്നില്ല ശൈഖ് സബാഹിന്റെ ശ്രദ്ധ. പശ്ചിമേഷ്യയുടെ സുസ്ഥിരതയിലാണ് അദ്ദേഹത്തിന്റെ ദീര്ഘദിഷ്ടി പതിഞ്ഞിരുന്നത് . അ റബ്‌ലോകത്തിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയി എക്കാലത്തും ആദരിക്കപ്പെട്ടിട്ടുള്ള കുവൈത്ത് അമീറിന്റെ സാന്നിധ്യം കാലുഷ്യമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ അറബ് മുസ്ലിം ലോകത്തിന് അനുഗ്രഹമായിരുന്നു. കുവൈത്തിനും പശ്ചിമേഷ്യക്കും ലോകത്തിനും നഷ്ടമായത് ഒരു വിളിക്കപ്പുറത്തുള്ള സമാധാന ദൂതനെയാണ്. പ്രായവും രോഗവും വക വെക്കാതെ കര്‍മ്മോല്‍സുകനായി ഓടിനടന്ന് പശ്ചിമേഷ്യയിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ശ്രമിച്ച ശൈഖ് സബാഹിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് മാനവികതയുടെ പിതാവിനെയാണെന്ന് അറബ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.