X

ഉന്നിനെ കൊല്ലാനുള്ള പദ്ധതി ചോര്‍ന്നു

സോള്‍: ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്ന് തയാറാക്കിയ യുദ്ധപദ്ധതി ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് ചോര്‍ത്തിയ രഹസ്യരേഖകളില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താനുള്ള പദ്ധതിയും പെടും. പ്രതിരോധ മന്ത്രാലയത്തിന്റെ ഡാറ്റ സെന്ററില്‍നിന്ന്് 235 ജിഗാബൈറ്റ്‌സ് സൈനിക രേഖകളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് അംഗം റീ ചൂല്‍ ഹീ പറയുന്നു. ദക്ഷിണകൊറിയയുടെ ഭരണകക്ഷി പ്രതിനിധിയും പാര്‍ലമെന്റിന്റെ പ്രതിരോധ സമിതി അംഗവുമാണ് റീ. അമേരിക്കയുടെയും ദക്ഷിണകൊറിയയുടേയും ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ക്കുള്ള റിപ്പോര്‍ട്ടുകളും ചോര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഹാക്കിങ് നടന്നത്. പ്രതിരോധ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി മേയില്‍ ദക്ഷിണകൊറിയ വെളിപ്പെടുത്തിയിരുന്നു. ഉത്തരകൊറിയയാണ് സൈബറാക്രമണത്തിനു പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ യുദ്ധപദ്ധതി ചോര്‍ന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ ദക്ഷിണകൊറിയ തയാറായിട്ടില്ല. കുറച്ചു വര്‍ഷങ്ങളായി സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും തന്ത്രപ്രധാന ഓഫീസുകളെയും ലക്ഷ്യമിട്ട് ഉത്തരകൊറിയ സൈബറാക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് ദക്ഷിണകൊറിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി യോന്‍ഹാപ്പ് സമ്മതിച്ചു. ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പരിശീലനം നേടിയ വിദഗ്ധരായ ഹാക്കര്‍മാര്‍ ഉത്തരകൊറിയക്കുണ്ട്. ആണവ, മിസൈല്‍ പദ്ധതികളെച്ചൊല്ലി ഉത്തരകൊറിയയും അമേരിക്കയും പോര്‍വിളികള്‍ ശക്തമാക്കിയ പശ്ചാത്തലത്തില്‍ യുദ്ധപദ്ധതി ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര സമൂഹം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരകൊറിയയുടെ വിഷയത്തില്‍ ഒരുകാര്യം മാത്രമേ നടക്കൂ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും യുദ്ധസൂചനയാണ് അതെന്ന് ലോകം കരുതുന്നു.

chandrika: