X

കിംഗ് ഫൈസൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇക്കൊല്ലത്തെ കിംഗ് ഫൈസൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ടാൻസാനിയൻ മുൻ പ്രസിഡണ്ട് അലി ഹസൻ മൂവിനി, അൽ അസ്ഹർ സർവകലാശാലയിലെ ഉന്നത പണ്ഡിത സഭാംഗം ഹസൻ മഹമൂദ് അൽ ഷാഫി – (ഇസ്ലാമിക സേവനം), ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സൂസൻ സ്റ്റേറ്റ് കോവിച്ച്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മുഹ്‌സിൻ ജാസിം അൽ മൗസവി, (ഇറാഖ്), – (അറബി ഭാഷ സാഹിത്യം), ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെയും മസാച്യുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും പ്രൊഫ. ഡേവിഡ് ലു – (വൈദ്യശാസ്ത്രം), ലണ്ടൻ ഇമ്പിരിയൽ കോളേജിലെ പ്രൊഫ. മാർട്ടിൻ ഹൈറർ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. നാദിർ അൽ മസൂദി, (ടുണീഷ്യ) ഗണിത ശാസ്ത്രം, എന്നിവരാണ് ഇക്കൊല്ലത്തെ കിംഗ് ഫൈസൽ അവാർഡിന് തെരഞ്ഞടുക്കപെട്ടവർ .

ഇസ്ലാമിക സേവനം, ഇസ്ലാമിക വിജ്ഞാനം, അറബി ഭാഷ സാഹിത്യം, വൈദ്യ ശാസ്‌ത്രം, ശാസ്ത്രം എന്നീ മേഖലകളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ സമ്മാനിക്കുന്നത്. ശാസ്‌ത്ര മേഖലയിൽ ഇത്തവണ ഗണിത ശാസ്ത്രമാണ് പരിഗണിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും കിംഗ് ഫൈസൽ അവാർഡ് അതോറിറ്റി ചെയർമാനുമായ അമീർ ഖാലിദ് ഫൈസലാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. കിംഗ് ഫൈസൽ അവാർഡ് അതോറിറ്റി സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസുബയ്യയിൽ അവാർഡ് വിശദീകരണം നൽകി.

ടാൻസാനിയയെ കൊളോണിയലിസത്തിൽ നിന്നും രക്ഷിച്ച നേതാവാണ് അലി ഹസൻ മൂവിനി. ഇസ്ലാമിക പ്രചാരണത്തിലും മുഴുകിയിരുന്ന അദ്ദേഹം നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങൾ സഹിലി ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക അധ്യാപനം, ഗവേഷണം, വിവർത്തനം, എഴുത്ത് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തിയാണ് പ്രൊഫ. ഹസ്സൻ മഹമൂദ് അൽ ഷാഫി. ഇസ്ലാമാബാദിലെ അന്താരാഷ്‌ട്ര ഇസ്ലാമിക് സർവകലാശാലയുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.

അമേരിക്കൻ പൗരയാണ് അറബി ഭാഷ സാഹിത്യത്തിൽ അവാർഡ് നേടിയ പ്രൊഫ. സൂസൻ സ്റ്റേറ്റ് കോവിച്ച്. അറബി ഭാഷ ഗവേഷണത്തിൽ ശാസ്ത്രീയ പഠനം നടത്തിയ അവർ ഇസ്ലാമിന് മുമ്പുള്ള കാലം തൊട്ട് ആധുനിക കാലം വരെയുള്ള അറബി കവിതകളെ കുറിച്ച് നടത്തിയ ഗവേഷണമാണ് അവരെ അറബ് ലോകത്ത് ശ്രദ്ധേയയാക്കിയത്. അറബി ഭാഷ സാഹിത്യത്തിന് അർപ്പിച്ച സേവനങ്ങളാണ് അവരെ കിംഗ് ഫൈസൽ അവാർഡ് ജേതാവാക്കിയത്.

പ്രാചീനവും ആധുനികവുമായ അറബി ഗദ്യ പഠനങ്ങളിൽ ഗവേഷണം നടത്തിയ പ്രൊഫ. മുഹ്‌സിൻ ജാസിം അൽ മൗസവി ശാസ്ത്രീയ വിമർശനം, ആഗോള നിരൂപണ സിദ്ധാന്തങ്ങളെ കുറിച്ചുള്ള അറിവ്, പാശ്ചാത്യ രാജ്യങ്ങളിലെ അറബി സാഹിത്യ വിദ്യാർത്ഥികളിൽ ചെലുത്തിയ ഗവേഷണങ്ങളുടെ സ്വാധീനം തുടങ്ങിയ മേഖലകളിൽ സമർപ്പിച്ച സംഭാവനകൾക്കാണ് അവാർഡ് .

ജീൻ എഡിറ്റിംഗ് ടെക്‌നിക്‌സ് എന്ന വിഷയത്തിലെ ഗവേഷണമാണ് ഡോ. ഡേവിഡ് ലൂവിനെ അവാർഡ് ജേതാവാക്കിയത്. അസാധാരണവും അപൂർവവുമായ രോഗങ്ങൾക്ക് ചികിൽസയുണ്ടെന്ന് കണ്ടെത്തിയതാണ് ഇദ്ദേഹത്തെ പരിഗണിച്ചത്. വ്യത്യസ്തങ്ങളായ സമവാക്യങ്ങളുടെ വിശകലനമാണ് മാർട്ടിൻ ഹൈററിനെ അവാർഡിന് അർഹനാക്കിയത്. വിവിധ ഗണിത ശാസ്ത്ര വിഷയങ്ങളിലെ പഠനങ്ങളുടെ പേരിലാണ് പ്രൊഫ. നാദിർ മസൂദിയെ കിംഗ് ഫൈസൽ അവാർഡ് നൽകി ആദരിക്കാൻ തീരുമാനിച്ചത്.

ഫോട്ടോ : കിംഗ് ഫൈസൽ അവാർഡ് പ്രഖ്യാപനം നടത്തുന്ന മക്ക ഗവർണറും കിംഗ് ഫൈസൽ അവാർഡ് അതോറിറ്റി ചെയർമാനുമായ അമീർ ഖാലിദ് ഫൈസൽ

Test User: