X
    Categories: keralaNews

പിടിഎ റഹീം എംഎല്‍എ ചെയര്‍മാനായ കൊടുവള്ളി കിംസ് ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പിടിഎ റഹീം എംഎല്‍എ ചെയര്‍മാനായ കൊടുവള്ളി കിംസ് ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന. കാരാട്ട് ഫൈസല്‍ ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടറാണ്. അതിനിടെ കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. കേസില്‍ പ്രതിയായ സന്ദീപ് നായര്‍ കാരാട്ട് ഫൈസലിനെതിരായി മൊഴി നല്‍കിയിട്ടുണ്ട്. കാരാട്ട് ഫൈസല്‍ നിരവധി തവണ സന്ദീപ് നായരെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും അന്ന് ചര്‍ച്ച നടന്നതെല്ലാം സ്വര്‍ണക്കടത്ത് സംബന്ധിച്ചായിരുന്നു എന്നും സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കി.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റംസ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഫൈസലിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിച്ച കസ്റ്റംസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസല്‍ റസാഖിന്റെ അടുത്ത ബന്ധുവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎം ഉന്നതരിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ ഭാഗമാണ് കാരാട്ട് ഫൈസലിന്റെ അറസ്റ്റ്. കോഴിക്കോട്ടെ രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: